എ.വി. റസൽ | Photo: Mathrubhumi Library
കോട്ടയം: പാലാ നഗരസഭയിലെ ചെയര്മാന് സ്ഥാനാര്‍ഥിയെ സി.പി.എം. തന്നെ തീരുമാനിക്കുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എ.വി. റസല്‍. ആരുടെയും ആഭ്യന്തര വിഷയങ്ങളില്‍ സി.പി.എം. ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മുമായി അഭിപ്രായ ഭിന്നത ഇല്ലെന്നും റസല്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭാ ചെയര്മാന് സ്ഥാനത്തെ ചൊല്ലി എല്‍.ഡി.എഫില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
ചെയര്‍മാന്‍സ്ഥാനത്തേക്ക് സി.പി.എം പ്രതിനിധിയായ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്നാണ് ജോസ്. കെ മാണി വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ജോസ് കെ. മാണിയുടെ നിലപാടില്‍ സി.പി.എം. ജില്ലാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ബിനു പുളിക്കക്കണ്ടം മുന്‍പ് ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മില്‍ ചേര്‍ന്ന വ്യക്തിയാണ്. ഇതു കൂടാതെ കേരളാ കോണ്‍ഗ്രസ് അംഗത്തെ നഗരസഭയില്‍ വെച്ച് മര്‍ദ്ദിച്ചുവെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്. ഈ സംഭവത്തില്‍ ബിനുവിനെതിരേ കേസും നിലവിലുണ്ട്. അതുകൊണ്ട് ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേരത്തെ വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും കേരള കോണ്‍ഗ്രസ് ഇതേ നിലപാട് ആവര്‍ത്തിച്ചിരുന്നു. ആറ് ഇടത് അംഗങ്ങള്‍ നിലവിലുണ്ടെങ്കിലും ബിനു പുളിക്കക്കണ്ടത്തിനാണ് ചെയര്മാന് സ്ഥാനം നല്കാന് സി.പി.എം തീരുമാനിച്ചത്. നിലവില്‍ ഇദ്ദേഹം മാത്രമാണ് സി.പി.എം ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക സ്ഥാനാര്‍ഥി.
Content Highlights: pala municipality chairman post:cpm will decide its candidate says party district secretary av rasal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..