കോട്ടയം: മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അഞ്ജു പി. ഷാജി എന്ന വിദ്യാര്‍ഥിനി പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് പാലാ ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതര്‍. വിദ്യാര്‍ഥിനി ഹാള്‍ടിക്കറ്റിന്റെ പിറകില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്നെന്നും അധികൃതര്‍ പറഞ്ഞു. അഞ്ജുവിന്റെ പരീക്ഷാഹാളിലെ സിസിടിവി ദൃശ്യങ്ങളും കോപ്പി എഴുതിയ ഹാള്‍ടിക്കറ്റും കോളേജ് അധികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കോളേജിനെതിരേയുള്ള ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

പെന്‍സില്‍ ഉപയോഗിച്ചാണ് ഹാള്‍ടിക്കറ്റിന് പിറകില്‍ എഴുതിയിരുന്നത്. ഉച്ചയ്ക്ക് 1.30 നാണ് പരീക്ഷ തുടങ്ങിയത്. 1.50 നാണ് കുട്ടിയില്‍നിന്നും പാഠഭാഗങ്ങള്‍ എഴുതിയ ഹാള്‍ടിക്കറ്റ് പിടിച്ചെടുത്തത്. പരീക്ഷാഹാളില്‍നിന്ന് ഒരു മണിക്കൂര്‍ കഴിയാതെ വിദ്യാര്‍ഥിയെ പുറത്തിറക്കാനാവില്ല. അതിനാലാണ് അല്പസമയം കൂടി പരീക്ഷാഹാളിനകത്ത് ഇരുത്തിയത്. 

പെണ്‍കുട്ടിയോടും അവരുടെ ബന്ധുക്കളോടും പ്രിന്‍സിപ്പാളോ അധ്യാപകരോ മോശമായി സംസാരിച്ചിട്ടില്ല. കുട്ടിയോട് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്താന്‍ പറഞ്ഞതിന് പിന്നാലെയാണ് കോളേജില്‍നിന്ന് ഇറങ്ങിപ്പോയതെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ഥിനി ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. 

ശനിയാഴ്ച രാത്രി പത്ത് മണിക്ക് പോലീസില്‍നിന്നാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്നാണ് കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളും വിശദീകരിക്കുന്നത്. പ്രൈവറ്റ് വിദ്യാര്‍ഥിയായതിനാല്‍ കുട്ടിയെക്കുറിച്ച് കൂടുതലായും ഒന്നുമറിയില്ലായിരുന്നു. സംഭവത്തില്‍ സര്‍വകലാശാല അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്. എം.ജി. സര്‍വകലാശാല വിശദീകരണം തേടിയതില്‍ കൃത്യമായ മറുപടി നല്‍കുമെന്നും ബിവിഎം ഹോളിക്രോസ് കോളേജ് മാനേജ്‌മെന്റ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Content Highlights: pala college student death; explanation by pala bvm holycross college management