പാലാ: നിഥിനയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതി അഭിഷേക് ബൈജുവിനെ പാല സെന്റ് തോമസ് കോളേജില്‍ തെളിവെടുപ്പിനെത്തിച്ചു. ആക്രമണം നടന്ന സ്ഥലത്തെത്തിയ അഭിഷേക് കഴിഞ്ഞദിവസം ഉണ്ടായ ഓരോ കാര്യങ്ങളും പോലീസിനോട് വിശദീകരിച്ചു. 

വലിയ പോലീസ് സന്നാഹത്തോടെയാണ് അഭിഷേകിനെ കോളേജിലെത്തിച്ചത്. കോളേജ് പരിസരത്ത് എവിടെയൊക്കെ വെച്ചാണ് വെള്ളിയാഴ്ച താന്‍ നിഥിനയുമായി സംസാരിച്ചതെന്നും ആക്രമിച്ച സ്ഥലവുമെല്ലാം അഭിഷേക് പോലീസിന് കാണിച്ചുകൊടുത്തു. യാതൊരു കൂസലുമില്ലാതെയാണ് അഭിഷേക് നിഥിനയെ കഴുത്തറുത്തു കൊന്നത് എങ്ങനെയാണെന്ന് പോലീസിനോട് വിശദീകരിച്ചത്. 

abhishek

വെള്ളിയാഴ്ചയാണ് പാല സെയ്ന്റ് തോമസ് കോളേജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാര്‍ഥിയായ നിഥിനയെ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാവിലെ 11.25-നായിരുന്നു സംഭവം. വെള്ളിയാഴ്ച അവസാന സെമസ്റ്ററിന്റെ ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞാണ് സംഭവം. 9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ. 11 മണിയോടെ അഭിഷേക് പുറത്തിറങ്ങി വഴിയില്‍ നിന്നു. പരീക്ഷ കഴിഞ്ഞ് പുറത്തേക്കു പോവുകയായിരുന്ന നിഥിനയുടെ ഫോണ്‍ അഭിഷേക് കൈമാറി. ഇത് നേരത്തേ യുവാവ് പിടിച്ചുവാങ്ങിക്കൊണ്ടുപോയതായിരുന്നു. ഈ ഫോണില്‍ നിഥിന അമ്മയോടു സംസാരിക്കവേ അഭിഷേക് നീരസം പ്രകടിപ്പിക്കുകയും കയര്‍ക്കുകയും ചെയ്തു.

വാക്കേറ്റത്തിനൊടുവില്‍ പ്രതി യുവതിയെ കടന്നുപിടിച്ച് തള്ളിയിട്ടു. പെണ്‍കുട്ടിയെ ബലമായി അമര്‍ത്തിപ്പിടിച്ച് തെര്‍മോകോള്‍ മുറിയ്ക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ വലത്തുഭാഗത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവംകണ്ട് ഓടിയെത്തിയ വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും കോളേജ് അധികൃതരെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

nidhina mol

കൊല്ലപ്പെട്ട നിഥിനയുടെ ശവസംസ്‌കാര ചടങ്ങുകള്‍ തലയോലപ്പറമ്പില്‍ നടന്നു. കോട്ടയത്തെ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം തലയോലപ്പറമ്പിലെ ബന്ധുവീട്ടിലെത്തിച്ചാണ് സംസ്‌കരിച്ചത്.നിഥിന മരിച്ചത് രക്തം വാര്‍ന്നെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്മാരുടെ തലവന്‍ പറഞ്ഞു. 

Content Highlights: Pala College Murder Nidhina Murder Abhishek Byju