നിഥിന | തെളിവെടുപ്പിനിടെ നിഥിനയെ ആക്രമിച്ചത് എങ്ങനെയെന്ന് അഭിഷേക് പോലീസിനോട് വിശദീകരിക്കുന്നു
കോട്ടയം: പാലാ സെയ്ന്റ് തോമസ് കോളേജ് വിദ്യാര്‍ഥിനി നിഥിന മോളെ കൊലപ്പെടുത്താനായി പ്രതി അഭിഷേക് ബൈജു കൃത്യമായി അസൂത്രണം നടത്തിയെന്ന് പോലീസ്. ഒരാഴ്ച മുന്‍പ് പുതിയ ബ്ലേഡ് വാങ്ങി അഭിഷേക് പരിശീലനം നടത്തിയതായാണ് വിവരം. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത അഭിഷേക് എങ്ങനെ കൃത്യമായി കൊലപാതകം നടത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. നിഥിനയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് സന്ദേശമയച്ച അഭിഷേക് നിഥിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും സ്വയം മുറിവേല്‍പ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പോലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ പോലീസ് ഇക്കാര്യം തള്ളുകയാണ്. കൊലപാകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകള്‍ വിശദീകരിച്ചുകൊണ്ടാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകത്തിനായി പേപ്പര്‍ കട്ടര്‍ തിരഞ്ഞെടുത്ത പ്രതി ഒരാഴ്ച മുമ്പ് ആസൂത്രണം തുടങ്ങി. കട്ടറിലെ പഴയ ബ്ലേഡിന് പകരം പുതിയത് വാങ്ങുകയും ചെയ്തിരുന്നു.
അഭിഷേകിന്റെ ആക്രമണത്തില്‍ നിഥിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേകിന് നിഥിനയെ കൊലപ്പെടുത്താനായി കൂടുതല്‍ പണിപ്പെടേണ്ടി വന്നില്ലെന്നാണ് വിവരം. കൊലപാകതത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല. എന്നാല്‍ അഭിഷേക് സന്ദേശമയച്ച സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തേക്കും. ഒപ്പം കുത്താട്ടുകുളത്തെ കടയില്‍എത്തിച്ച് തെളിവെടുപ്പും നടത്തിയേക്കും.
രക്തം വാര്‍ന്നെന്നാണ് നിഥിന മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്മാരുടെ തലവന്‍ പറഞ്ഞു. ഇക്കാര്യങ്ങളാലാണ് കൊലപാതകത്തില്‍ പരിശീലനം ലഭിച്ചോ എന്ന് പോലീസ് സംശയിക്കുന്നത്.
വെള്ളിയാഴ്ചയാണ് പാല സെയ്ന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിയായ നിഥിനയെ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാവിലെ 11.25-നായിരുന്നു സംഭവം. വെള്ളിയാഴ്ച അവസാന സെമസ്റ്ററിന്റെ ആദ്യ ദിനത്തിലെ പരീക്ഷ കഴിഞ്ഞാണ് സംഭവം. പരീക്ഷ പൂര്‍ത്തിയാക്കാതെ 11 മണിയോടെ അഭിഷേക് പുറത്തിറങ്ങി വഴിയില്‍ നിന്നു. പരീക്ഷ കഴിഞ്ഞ് പുറത്തേക്കു പോവുകയായിരുന്ന നിഥിനയുടെ ഫോണ്‍ അഭിഷേക് കൈമാറി. ഇത് നേരത്തേ യുവാവ് പിടിച്ചുവാങ്ങിക്കൊണ്ടുപോയതായിരുന്നു.
ഈ ഫോണില്‍ നിഥിന അമ്മയോടു സംസാരിക്കവേ അഭിഷേക് നീരസം പ്രകടിപ്പിക്കുകയും കയര്‍ക്കുകയും ചെയ്തു. വാക്കേറ്റത്തിനൊടുവില്‍ പ്രതി യുവതിയെ കടന്നുപിടിച്ച് തള്ളിയിട്ടു. പെണ്‍കുട്ടിയെ ബലമായി അമര്‍ത്തിപ്പിടിച്ച് തെര്‍മോകോള്‍ മുറിയ്ക്കുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ വലത്തുഭാഗത്ത് മുറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവംകണ്ട് ഓടിയെത്തിയ വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും കോളേജ് അധികൃതരെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlights: Pala college murder: Abhishek trained to kill Nidhina, says police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..