തിരുവനന്തനപുരം: പാലാ മണ്ഡലത്തില്‍ മാത്രം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണ ഒരു സംസ്ഥാനത്ത് ഒഴിവുള്ള എല്ലാ മണ്ഡലങ്ങളിലും ഒരുമിച്ചാണ് തിരഞ്ഞെടുപ്പ് നടത്താറുള്ളത്. മുന്‍കാലങ്ങളില്‍ അങ്ങനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്രമങ്ങള്‍. എന്നാല്‍ അതിന് വിരുദ്ധമായി തോന്നുംപടി പ്രവര്‍ത്തിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍.

ഗുജറാത്തില്‍ രണ്ട് രാജ്യസഭ സീറ്റുകളില്‍ ഒഴിവ് വന്നപ്പോള്‍ രണ്ടും ബിജെപിക്ക് ലഭിക്കുന്നതിന് വേണ്ടി രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തി. ഒന്നിച്ചു നടത്തിയിരുന്നെങ്കില്‍ ഒന്ന് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നു. ഇങ്ങനെയുള്ള രാഷ്ട്രീയ കുതന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് തുടര്‍ച്ചയായി വന്നുക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായിട്ട് വേണം കേരളത്തില്‍ ഒഴിവുള്ള മറ്റു സീറ്റുകളിലൊന്നും തിരഞ്ഞെടുപ്പ് നടത്താതെ പാലായില്‍ മാത്രം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏതായാലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാലാ പിടിക്കുന്നതിന് ഇടതുമുന്നണി ശക്തമായി രംഗത്തുണ്ടാകും. കെ.എം.മാണിയായിട്ടും കഴിഞ്ഞ തവണ അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് മാത്രമാണ് ഇടതുമുന്നണി പരാജയപ്പെട്ടത്. അത് കൊണ്ട് ഇത്തവണ വലിയ പ്രതീക്ഷയുണ്ട്. 

കേരള കോണ്‍ഗ്രസിലെ തര്‍ക്കം ഇടതുമുന്നണിക്ക് ഗുണം ചെയ്യും. കേരള കോണ്‍ഗ്രസിലെ ഏത് പാര്‍ട്ടിയോടൊപ്പം നില്‍ക്കുമെന്ന പ്രതിസന്ധിയിലാണ് യുഡിഎഫ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സാഹചര്യമെല്ലാം കേരളത്തില്‍ മാറി. ശബരിമ വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികള്‍ക്കെല്ലാം സത്യംബോധ്യപ്പെട്ടെന്നും കോടിയേരി അവകാശപ്പെട്ടു.

പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി യോഗം ബുധനാഴ്ച ചേരാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസം 23-നാണ് പാലായില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

Content Highlights: Pala by election-kodiyeri balakrishnan criticise election commission