പാല: പാലായിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പി.ജെ. ജോസഫും ജോസ്.കെ മാണിയും തമ്മില്‍ ചര്‍ച്ചനടത്താന്‍ സാധ്യത തെളിയുന്നു. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇരു ഗ്രൂപ്പുകള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടേക്കും.

കേരള കോണ്‍ഗ്രസിന്റെ രണ്ട് വിഭാഗങ്ങളുമായി രണ്ട് വട്ടം ചര്‍ച്ച നടന്നു. മൂന്ന് ദിവസത്തിനകം പാലായിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്‌. കോണ്‍ഗ്രസുമായി നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണം എന്ന് മാത്രമാണ് ജോസഫ് ആവശ്യപ്പെട്ടത്‌. നിഷ.ജോസ്.കെ മാണിയുടെ പേരോ അല്ലെങ്കില്‍ മറ്റൊരാളോ ആരുടെ പേരും ജോസഫ് യോഗത്തില്‍ പരാമര്‍ശിച്ചില്ല. എന്നാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടതും ചിഹ്നം നല്‍കേണ്ടതും താനാണെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം.

കെ.എം.മാണിയുടെ സീറ്റ് എന്ന നിലയില്‍ തങ്ങള്‍ക്ക് സ്ഥാനാര്‍ഥിയെ തീരുമാനിക്കാമെന്ന നിലപാടില്‍ ജോസ് കെ മാണി ഉറച്ചു നിന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍ച്ചകളിലൂടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെത്തണമെന്ന നിലപാടിലേക്ക് യു.ഡി.എഫ്. കടന്നത്. ധാരണയായില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വവും യു.ഡി.എഫ്. നേതൃത്വവുമായി ചര്‍ച്ച നടത്തേണ്ടിവരും.

Content Highlights: Pala by election Joseph Jose k Mani descussion starts for candidate selection