തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിവിധ മത നേതാക്കളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ അധ്യക്ഷതയിലാണ് വൈകിട്ട് യോഗം നടക്കുക. മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു മത നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിക്കുന്നതിനിടയിലാണ് പ്രശ്‌നപരിഹാരത്തിന് മതമേലധ്യക്ഷന്‍മാരുടെ യോഗം നടക്കുന്നത്. ചങ്ങനാശ്ശേരി ബിഷപ് മാര്‍ പെരുന്തോട്ടം, ആര്‍ച്ച് ബിഷപ് സൂസൈ പാക്യം, ധര്‍മരാജ് റസാലം, പാളയം ഇമാം വി. പി. സുഹൈബ് മൗലവി, പാണക്കാട് മുനവറലി തങ്ങള്‍, ഗുരു രത്‌നം ജ്ഞാനതപസ്വി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായിട്ടുള്ള എല്ലാവിധ തര്‍ക്കങ്ങളും പരിഹരിക്കുക, സാമുദായിക സൗഹാര്‍ദ അന്തരീക്ഷം ഉണ്ടാക്കാനുള്ള ഇടപെടല്‍ നടത്തുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

Content Highights: Pala Bishop's Remark: religious leaders Meeting today