കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാപുരസ്‌കാരത്തിന് കവി പ്രഭാവര്‍മ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍ അധ്യക്ഷനും വി. മധുസൂദനന്‍നായര്‍, ഖദീജ മുംതാസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിനായി പ്രഭാവര്‍മയെ തിരഞ്ഞെടുത്തത് എന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു.

വൃത്തബദ്ധവും ഭാഷാശുദ്ധവുമായ മലയാള കവിതയുടെ പാരമ്പര്യ പ്രൗഢിയെ തലയെടുപ്പോടെ പുതിയ കാലത്തേക്ക് ആനയിച്ച കവിയാണ് പ്രഭാവര്‍മയെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി. 

പ്രഭാവര്‍മയ്ക്ക് കവിത വെറും വികാരവിക്ഷോഭങ്ങള്‍ മാത്രമല്ല. മറിച്ച്, വാക്കുകളില്‍ സ്ഫുടം ചെയ്തെടുത്ത സംസ്‌കാരത്തിന്റെ പ്രവാഹം കൂടിയാണ്. ആധുനിക കാലത്തിന്റെ എല്ലാവിധ ആകുലതകളേയും ഉള്‍ക്കൊള്ളുമ്പോഴും പഴയത് മുഴുവന്‍ പാഴാണ് എന്ന് ഈ കവി വിശ്വസിക്കുന്നില്ല. 'തൊടിയിലൂഞ്ഞാലുകെട്ടുന്ന ശ്രാവണപ്പഴമ'-യില്‍ വലിയ നന്മയുണ്ട് എന്ന് ഈ കവി കരുതുന്നു. ഇത്തരം നന്മകളേയും പാരമ്പര്യങ്ങളേയും തന്റെ ഇളനീര്‍മധുരമുള്ള ഭാഷയില്‍ അദ്ദേഹം കാവ്യമയമാക്കുകയാണ്-സമിതി ചൂണ്ടിക്കാട്ടി.

തന്റെ കാവ്യസ്രോതസ്സുകള്‍ നാട്ടുപാരമ്പര്യങ്ങളിലും പ്രാദേശിക സംസ്‌കാരത്തിലും മാത്രമല്ല ഇതിഹാസങ്ങളിലും പുരാണങ്ങളിലുമെല്ലാമുണ്ട് എന്ന് സാക്ഷാത്കരിച്ച കവിയാണ് പ്രഭാവര്‍മ.  ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് അദ്ദേഹത്തിന്റെ 'ശ്യാമമാധവം' എന്ന ഖണ്ഡകാവ്യം. കൃഷ്ണജീവിതത്തെ ആസ്പദമാക്കി പലരും  രചനകള്‍ നിര്‍വഹിച്ചിട്ടുണ്ടെങ്കിലും പ്രഭാവര്‍മ തീര്‍ത്തും വ്യത്യസ്തമായ തലത്തിലാണ് കൃഷ്ണനെ അവതരിപ്പിക്കുന്നത്. മറ്റാരും കാണാത്ത, കാണിച്ചുതരാത്ത, ഒരു കൃഷ്ണജീവിതം ഇവിടെ ചുരുളഴിയുന്നു. ഇത് വഴി മലയാളിയുടെ കാവ്യസംസ്‌കാരത്തിലേയ്ക്കും ആസ്വാദനത്തിലേയ്ക്കും ഭാരതീയ സംസ്‌കാരത്തിന്റെ അമരമായ ഒരു ജൈവധാരയെ പ്രഭാവര്‍മ ആനയിച്ചു - സമിതി വിലയിരുത്തി.

പയ്യന്നൂരിലെ ടി.കെ. നാരായണന്‍ നമ്പൂതിരിയുടേയും എന്‍. പങ്കജാക്ഷി തമ്പുരാട്ടിയുടേയും മകനായി ജനിച്ച പ്രഭാവര്‍മ അയര്‍ക്കാട്ടുവയല്‍ പയിനിയര്‍ സ്‌കൂളില്‍ പ്രാഥമികപഠനത്തിന് ശേഷം തൃക്കൊടിത്താനം സര്‍ക്കാര്‍ സ്‌കൂളില്‍ തുടര്‍പഠനം നടത്തി. തുടര്‍ന്ന് എം.എ., എല്‍.എല്‍.ബി.  എന്നീ ബിരുദങ്ങള്‍ നേടി. ശ്യാമമാധവം, സൗപര്‍ണിക, അര്‍ക്കപൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, അവിചാരിതം, രതിയുടെ കാവ്യപദം, ദൃശ്യമാധ്യമങ്ങളുടെ സംസ്‌കാരം, കേവലത്വവും ഭാവുകത്വവും, സന്ദേഹിയുടെ ഏകാന്തയാത്ര, മഞ്ഞിനോട് വെയിലെന്ന പോലെയും  എന്നിവയാണ് പ്രധാനകൃതികള്‍.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, ഏറ്റവും നല്ല ചലച്ചിത്രഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം എന്നിവ പ്രഭാവര്‍മ നേടിയിട്ടുണ്ട്. ഭാര്യ: മനോരമ. മകള്‍: ജ്യോത്സ്‌ന, മരുമകന്‍: ലഫ്. കേണല്‍ കെ.വി. മഹേന്ദ്ര.