കൊച്ചി: എ.വി ഗോപിനാഥിനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഗോപിനാഥിനെ പോലെ കഴിവുള്ള നേതാക്കളെ മാറ്റിനിര്‍ത്തിയതാണ് പാര്‍ട്ടിക്ക് സംഭവിച്ച തകര്‍ച്ചയ്ക്ക് കാരണമെന്നും പത്മജ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

ഗോപിനാഥിനെ കാലങ്ങളായി നന്നായി അറിയാം. കരുണാകരന്റെ വിശ്വസ്തരുടെ കൂട്ടത്തിലുള്ള ആളായിരുന്നു അദ്ദേഹം. എല്ലാവരുംകൂടി ഗോപിനാഥിന് ദ്രോഹിക്കുന്നത് കണ്ടപ്പോള്‍ പലപ്പോഴും ഇക്കാര്യം പറയണമെന്ന് തോന്നിയിരുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ അച്ഛന്റെ ആത്മാവിനോട് ചെയ്യുന്ന നീതികേടായിരിക്കുമെന്നും പത്മജ പറഞ്ഞു. 

മനസില്‍ തോന്നിയ കാര്യം മാത്രമാണ് താന്‍ പറഞ്ഞത്. ഇതൊരിക്കലും നേതൃത്വത്തിനെതിരല്ല. ഗോപിനാഥിന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ഇനിയും സമയമുണ്ട്. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ അതുചെയ്യുമെന്നും അവര്‍ പറഞ്ഞു. ഗോപിനാഥിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കണമെന്ന് പരസ്യമായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയും പത്മജ ആവശ്യപ്പെട്ടിരുന്നു.

കെപിസിസി പട്ടികയില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെന്നും പത്മജ കുറ്റപ്പെടുത്തി. ഉയര്‍ന്ന സ്ഥാനങ്ങളിലും വനിതകളെ നിയോഗിക്കാം. അവര്‍ക്ക് അതിനുള്ള കഴിവുണ്ടെന്നും പത്മജ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോണ്‍ഗ്രസ്സിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. 
ഒരിക്കല്‍ രാമനിലയത്തില്‍ വെച്ച് അച്ഛന്‍ ഒരു കാര്യം ഗോപിനാഥിനെ ഏല്‍പ്പിക്കുന്നത് ഞാന്‍ കണ്ടു. എനിക്കു കേട്ടപ്പോള്‍ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാന്‍ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുന്‍പില്‍ വരൂ എന്ന് പറഞ്ഞു . അതു പോലെ തന്നെ സംഭവിച്ചു. ഞാന്‍ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റിനിര്‍ത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകര്‍ച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ടുവരണം.

content highlights: Padmaja Venugopal wants AV Gopinath back in Congress Party