കൊച്ചി: അര്‍ഹതയില്ലാത്തവര്‍ക്ക് പലതും ചെയ്തു കൊടുത്തതിന്റെ ദോഷഫലങ്ങള്‍ അച്ഛന്‍ അനുഭവിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. കരുണാകരന്റെ ജന്മശതാബ്ദി ദിനത്തില്‍ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പത്മജ ഇക്കാര്യം പറഞ്ഞത്. ആളെ നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന അച്ഛന്റെ സ്വഭാവത്തില്‍ ചിലപ്പോഴൊക്കെ എതിര്‍പ്പ് തോന്നിയിട്ടുണ്ടെങ്കിലും അച്ഛനെ ജനങ്ങള്‍ ഇപ്പോഴും സ്‌നേഹത്തോടെ ഓര്‍ക്കാന്‍ കാരണം അദ്ദേഹത്തിന്റെ ആശ്രിതവാത്സല്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

''ആശ്രിതവത്സലനായാണ് അച്ഛന്‍ എന്നും അറിയപ്പെട്ടിരുന്നത്. എന്നാല്‍, അര്‍ഹതയില്ലാത്തവരെ സഹായിക്കുന്നതില്‍ എനിക്ക് എതിര്‍പ്പ് തോന്നിയിട്ടുണ്ട്. അതിന്റെ ദോഷഫലങ്ങള്‍ അച്ഛന്‍ അനുഭവിച്ചിട്ടുണ്ട്. എങ്കിലും അച്ഛന്‍ അതിന്റെ പേരില്‍ ഒരിക്കലും ദു:ഖിക്കുന്നതായി കണ്ടിട്ടില്ല. അതേപ്പറ്റി ചോദിച്ചാല്‍, 'ഞാനെന്റെ സ്വഭാവം കാണിച്ചു, അവര്‍ അവരുടെയും. അതിന് എന്നെ കുറ്റം പറഞ്ഞിട്ടെന്തിനാ.. ഞാനിങ്ങനെയാണ്, എനിക്കിങ്ങനെയാകാനേ പറ്റൂ' എന്നാകും മറുപടി.''

''മകളെന്ന നിലയിലും അദ്ദേഹത്തിന്റെ അടുത്തു നിന്നും ഇതൊക്കെ കണ്ട വ്യക്തിയെന്ന നിലയിലും എനിക്കതില്‍ വിഷമം തോന്നിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഇക്കാര്യം മനസ്സിലാക്കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ തോന്നുന്നത്. അതിന്റെ സ്‌നേഹമാണ് അദ്ദേഹത്തോടവര്‍ ഇപ്പോഴും കാണിക്കുന്നതും. അവസാനത്തെ പത്തുപതിനഞ്ച് വര്‍ഷം അച്ഛന്‍ ഒരു സ്ഥാനവും വഹിച്ചിരുന്നില്ല. എന്നാല്‍, എല്ലാ ദിവസവും നിരവധി പേര്‍ അദ്ദേഹത്തെ കാണാനെത്തുമായിരുന്നു. പരിചയമുള്ളവരും ഇല്ലാത്തവരും സാധാരണക്കാരും നേതാക്കളുമെല്ലാം. ചിലര്‍ അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രമാകും വരിക. മറ്റു ചിലര്‍ക്ക് ആവശ്യങ്ങളുണ്ടാകും. ഒരു സ്ഥാനവും വഹിക്കുന്നില്ലെങ്കിലും പല കാര്യങ്ങളും അച്ഛന്‍ നടത്തിക്കൊടുത്തിരുന്നു. അദ്ദേഹത്തിന് അക്കാര്യത്തിലൊക്കെ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു'' -പത്മജ പറഞ്ഞു. 

ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കരുണാകരന് കഴിയുമായിരുന്നു

''ദേശീയ രാഷ്ട്രീയത്തില്‍ പോലും അച്ഛനെ പോലൊരു വ്യക്തിയുടെ കുറവ് നമുക്ക് കാണാനാകും. മറ്റുള്ള പാര്‍ട്ടികളുടെ നേതാക്കളുമായി സംസാരിക്കാനും അവരെ ഒന്നിപ്പിച്ച് നിര്‍ത്താനുമൊക്കെയുള്ള കഴിവ് അച്ഛനുണ്ടായിരുന്നു. ഒരു ദൗത്യമേറ്റെടുത്താന്‍ അത് ഭംഗിയാക്കാതെ അദ്ദേഹത്തിന് വിശ്രമമുണ്ടായിരുന്നില്ല. മമതാ ബാനര്‍ജിയെ ഞാനൊരു ഉരുക്കുവനിതയായാണ് കാണുന്നത്. അവരെപോലും കെ. കരുണാകരനെന്ന വ്യക്തിക്ക് കൂടെനിര്‍ത്താന്‍ കഴിയുമായിരുന്നെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസിന് ഇപ്പോഴും നല്ല സീനിയര്‍ നേതാക്കള്‍ ഉണ്ട്. എന്നാല്‍, പല കാര്യങ്ങളിലും അച്ഛനുള്ള കഴിവ് പാര്‍ട്ടിയ്ക്ക് മുതല്‍ക്കൂട്ടാകുമായിരുന്നെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്''

''ഇന്ന് ബൂത്ത് തലം മുതല്‍ അച്ഛന്റെ ഫോട്ടോവെച്ച് സ്‌നേഹിക്കുന്നത് കാണുമ്പോള്‍ ഒരു മകളെന്ന നിലയില്‍ സന്തോഷവും അഭിമാനവുമാണുള്ളത്. ഇങ്ങനെയൊരച്ഛന്റെ മകളായി ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെയാണ്. ഒരച്ഛന് മക്കള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സ്വത്താണത്.''

Content Highlights: Padmaja Venugopal, K. Karunakaran, Congress