.jpg?$p=6df998d&f=16x10&w=856&q=0.8)
പദ്മജ വേണുഗോപാൽ | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സി.പി.എം നേതൃത്വത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. സിപിഎം തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിക്കായി കര, നാവിക, വ്യോമ സേനകളുടെ സഹായത്തോടെ തിരച്ചില്‍ തുടരുന്നതായി അറിയുന്നു എന്നായിരുന്നു പദ്മജ വേണുഗോപാലിന്റെ പരിഹാസം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയാല്‍ തമ്മിലടി, സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയാല്‍ സസ്പെന്‍സ്, കൊള്ളാം കൊള്ളാം ന്യായീകരണം കൊള്ളാമെന്നും മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ അവര്‍ പറഞ്ഞു.
ഇതിനിടെ ഇടതുമുന്നണി സ്ഥാനാര്‍ഥിയെച്ചൊല്ലി സി.പി.എമ്മില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി കെ.എസ്. അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന ഉറപ്പില്‍ മണ്ഡലത്തില്‍ പലയിടത്തും ചുവരെഴുത്തുകള്‍ വന്നെങ്കിലും മുതിര്‍ന്ന നേതൃത്വം അത് നിഷേധിച്ചു. അത് മാധ്യമങ്ങളുടെ പ്രഖ്യാപനമാണെന്നും തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് പ്രതികരിച്ചു.
ജില്ലാ സെക്രട്ടേറിയറ്റ് നടക്കുമ്പോള്‍ത്തന്നെ കെ.എസ്. അരുണ്‍കുമാറാണ് സ്ഥാനാര്‍ഥിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. ചിലയിടങ്ങളില്‍ അരുണിന്റെ പേരുവെച്ചുകൊണ്ടുതന്നെ ചുവരെഴുത്തുകളും തുടങ്ങി. പാര്‍ട്ടിയില്‍ നടക്കുന്ന സംഭവങ്ങളിലുള്ള അതൃപ്തി ജില്ലാകമ്മിറ്റി യോഗത്തില്‍ ജയരാജന് രൂക്ഷമായിത്തന്നെ അറിയിച്ചതോടെ ചിലയിടങ്ങളില്‍നിന്ന് ചുവരെഴുത്തുകള്‍ മായ്ച്ചു.
ഉച്ചയോടെ, അരുണ്‍കുമാറിന് വോട്ടഭ്യര്‍ഥിക്കുന്ന പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചുതുടങ്ങി. ഒരു എം.എല്‍.എ. സാമൂഹികമാധ്യമ പേജില്‍ അരുണിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇട്ടെങ്കിലും പിന്നീട് അത് നീക്കി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരുന്നുണ്ട്. അതിനുശേഷം ഇടതുമുന്നണി യോഗം നടക്കും. ഇന്ന് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..