പടയപ്പ അടിച്ചുതകർത്ത ഗ്രാംസ്ലാൻഡ് സ്വദേശി ബാലകൃഷ്ണന്റെ പെട്ടിഓട്ടോ, മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിൽ കാട്ടാനക്കൂട്ടം തകർത്ത പുണ്യവേലിൻറെ വീടിനോട് ചേർന്നുള്ള ഷെഡ്ഡ് | Photo: Special Arrangement
മൂന്നാർ: തുടർച്ചയായ രണ്ടാം ദിവസവും പടയപ്പ കട്ടക്കലിപ്പിൽ. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ അടിച്ചുതകർത്തു. രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് വാഹനങ്ങളാണ് പടയപ്പ തകർത്തത്. കഴിഞ്ഞ ദിവസം കൃഷിയിടങ്ങളും നാമാവശേഷമാക്കിയിരുന്നു.
വ്യാഴാഴ്ച രാത്രി 12 മണിക്കാണ് ഗ്രാംസ്ളാൻഡ് സ്വദേശി ബാലകൃഷ്ണന്റെ പെട്ടിഓട്ടോറിക്ഷയാണ് കാട്ടാന അടിച്ചുതകർത്തത്.
ഇയാളുടെ വീട്ടിൽനിന്ന് ഏകദേശം 100 മീറ്റർ അകലെ പാർവതിയമ്മൻ ക്ഷേത്രത്തിന് സമീപം റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുകയായിരുന്നു.
പൊതുവേ ശാന്തശീലനാണ് പടയപ്പ. എന്നാൽ, ഈയിടെയായി അക്രമാസക്തനാകുന്നുണ്ട്.
കാട്ടാനക്കൂട്ടം ഷെഡ് തകർത്തു
മൂന്നാർ: കാട്ടാനക്കൂട്ടം വീടിനോട് ചേർന്നുള്ള ഷെഡ് തകർത്തു. ചൊക്കനാട് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ വീടിനോട് ചേർന്നുള്ള ഷെഡാണ് വ്യാഴാഴ്ച രാത്രിയോടെ കാട്ടാനക്കൂട്ടം തകർത്തത്. മൂന്നുകുഞ്ഞുങ്ങൾ ഉൾപ്പെടെ ഏഴ് ആനകളാണ് ഇയാളുടെ വീടിന് സമീപമെത്തിയത്. രണ്ടുമണിക്കൂറോളം അവിടെത്തന്നെ നിലയുറപ്പിച്ച ആനകൾ ഷെഡ്ഡ് പൂർണമായി തകർത്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 14 പ്രാവശ്യമാണ് ഇയാളുടെ വീട്ടിലും വീടിനോട് ചേർന്നുള്ള കടയിലും കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുള്ളത്. ഇത്തവണ വീടിന് നേരെ ആക്രമണം നടത്താതിരുന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.
പശുക്കിടാവ് ചത്തനിലയിൽ; പുലിയെന്ന് സൂചന
പീരുമേട്: പട്ടുമലയിൽനിന്ന് രാജമുടിക്കുള്ള വഴിയിൽ അംബേദ്കർ കോളനിക്ക് സമീപം പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തി. പുലിയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. പട്ടുമല പുതുവലിൽ സുകുമാരന്റെ രണ്ടുവയസ്സുള്ള കിടാവാണ് ചത്തത്. വ്യാഴാഴ്ച രാവിലെ അഴിച്ചുവിട്ട കിടാവിനെ മണിക്കൂറുകൾക്കുള്ളിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിലും വയറിന്റെ ഭാഗത്തും മുറിവേറ്റ നിലയിലായിരുന്നു.
വനം വകുപ്പ് അധികാരികളെ വിവരമറിയിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തിയ സർട്ടിഫിക്കറ്റുമായി പരാതി നൽകാനാണ് നിർദേശം ലഭിച്ചത്. മുൻപും പ്രദേശത്ത് പശുക്കളെയും കിടാക്കളെയും കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചിലർ പുലിയെ കണ്ടതായും പറയുന്നു.
തേയിലത്തോട്ടത്താൽ ചുറ്റപ്പെട്ട പ്രദേശത്തെ ആളുകൾ ഭീതിയോടെയാണ് ഇപ്പോൾ കഴിയുന്നത്. അതിരാവിലെ തോട്ടത്തിൽ ജോലിക്ക് പോകേണ്ടവർ ഇപ്പോൾ വൈകിയാണ് ജോലിക്ക് പോകുന്നത്. കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുകയും സമയത്ത് തിരിച്ചെത്തിക്കുന്നതിനും സമയം കണ്ടെത്തേണ്ടിവരുന്നു. ജോലിക്ക് ശേഷം ഇരുട്ടുന്നതിനുമുൻപ് ഇവർ സുരക്ഷിതസ്ഥലത്ത് എത്തുകയും ചെയ്യും. വനപാലകർ സ്ഥലം സന്ദർശിച്ച് ക്യാമറകൾ സ്ഥാപിക്കണമെന്നും പുലിയെ പിടികൂടി കാട്ടിലേക്ക് മടക്കി ഭീതി ഒഴിവാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വന്യമൃഗശല്യം: മൂന്നാറിൽ സർവകക്ഷിയോഗം
മൂന്നാർ: വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കുന്നതിനുവേണ്ടി എ.രാജ എം.എൽ.എ.യുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നാർ പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലാണ് യോഗം നടന്നത്. നാളുകളായി മേഖലയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരേ പൊതുജനരോഷം ശക്തമായതിനെ തുടർന്നാണ് യോഗം വിളിച്ചുകൂട്ടിയത്. വന്യജീവികളുടെ ശല്യം ഒഴിവാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വന്യമൃഗങ്ങളെ വിരട്ടിയോടിച്ചുഎന്ന പേരിലുള്ള കേസുകൾ പിൻവലിക്കണം എന്നും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. മൃഗങ്ങളുടെ ആക്രമണത്തിൽ സ്വത്തുക്കൾ നഷ്ടപ്പെട്ടവർക്ക് തക്കതായ നഷ്ടപരിഹാരം നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
നാട്ടുകാർക്കും സ്കൂൾവിദ്യാർഥികൾക്കും ബോധവത്കരണം നൽകുമെന്നും ടാക്സി ഡ്രൈവർമാർക്ക് ആവശ്യമായ നിർദേശങ്ങൾ പോലീസിന്റെയും വനവകുപ്പിന്റെയും ഭാഗത്തുനിന്ന് നൽകുമെന്നും യോഗത്തിൽ പങ്കെടുത്ത ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണശർമ പറഞ്ഞു.
വന്യജീവികളെ ശല്യപ്പെടുത്തുന്ന രീതിയിൽ രാത്രിയിൽ നടക്കുന്ന ജീപ്പ് സഫാരിപോലെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ശല്യക്കാരായ വന്യമൃഗങ്ങളെ പിടികൂടി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം മേലധികാരികൾക്ക് കൈമാറുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Content Highlights: Padayyappa destroyed 3 vehicles in 2 days herd of wildelephants in Munnar tiger in peerumedu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..