കെ. സുരേന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ് | Photo: Mathrubhumi
തിരുവനന്തപുരം: സി.പി.എം. വനിതാനേതാക്കള്‍ക്കെതിരായ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ അധിക്ഷേപപരാമര്‍ശത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഓരോരുത്തരും അവരുടെ സംസ്‌കാരം പറയുന്നു. അത് പ്രസ്ഥാനത്തിന്റെ നിലവാരമായി കണ്ടാല്‍മതി. ബോഡി ഷേമിങ് പരിശോധിക്കേണ്ടകാര്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'ഞങ്ങള്‍ നാവു കൊണ്ട് മാത്രം യുദ്ധം ചെയ്യുന്നവരല്ല. ഇത് താഴേതട്ടിലേക്ക് പോയി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. അധിക്ഷേപത്തെ പോലും പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുന്നു. കെ. സുരേന്ദ്രനെതിരെ കേസെടുക്കുന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ', റിയാസ് പറഞ്ഞു.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി. ദേശീയപാത വികസനത്തില്‍ കെ. സുരേന്ദ്രന്റേത് സര്‍ക്കാരിനെ അധിക്ഷേപിക്കുന്ന നിലപാടാണ്. ദേശീയപാത വികസനത്തില്‍ കെ. സുരേന്ദ്രന്‍ സംസ്ഥാനത്തെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നു. വികസനത്തില്‍ സംസ്ഥാനത്തിന് ഒരു റോളും ഇല്ലെന്നാണ് കെ. സുരേന്ദ്രന്‍ പറയുന്നത്. എന്‍.എച്ച്. 66 കേരളത്തിന് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു. യു.ഡി.എഫ്. ഭരണകാലത്ത് ദേശീയപാത വികസനം മുടങ്ങുന്ന സ്ഥിതിയുണ്ടായി.2016-ല്‍ എല്‍.ഡി.എഫ്. വന്നു, സ്ഥലം ഏറ്റെടുക്കലിന് ധനസഹായം നല്‍കി. എന്നാല്‍, സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന ബി.ജെ.പി. കേന്ദ്രത്തിന് കത്തയക്കുകയായിരുന്നുവെന്നും റിയാസ് ചൂണ്ടിക്കാട്ടി.
ദേശീയപാത നടപ്പാക്കാന്‍ ഫെയ്‌സ്ബുക്കിലൂടെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ദേശീയപാത വിജയിച്ചാല്‍ നിശ്ചയദാര്‍ഢ്യം ഉള്ള മുഖ്യമന്ത്രിയാണെന്ന് പറയേണ്ടിവരുമെന്ന് സുരേന്ദ്രന്‍ അന്ന് പറഞ്ഞു. ഇപ്പോള്‍ കേരളത്തിലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ദേശീയപാത വികസനത്തില്‍ പങ്കില്ലെന്ന് പറയുന്നു. കെ. സുരേന്ദ്രന്റെ ഇരട്ടത്താപ്പ് ഇതില്‍ നിന്ന് തന്നെ വ്യക്തമാകും. അള്ളു വെക്കുന്ന പണിയെടുക്കുന്നത് സുരേന്ദ്രനും കൂട്ടരുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുരേന്ദ്രന്റെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
'കേരളത്തിലെ എല്ലാ ദേശീയപാത വികസനത്തിനും ഭൂമി ഏറ്റെടുക്കലിന് 25% പണം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നത് അടിസ്ഥാന രഹിതമാണ്. എന്‍.എച്ച്. 66 ന്റെ കാര്യത്തില്‍ മാത്രമാണ് ഇത് ബാധകം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചതാണ്', റിയാസ് പറഞ്ഞു.
Content Highlights: pa muhammed riyas reply to k surendran on cpm lady leaders abusive comment nh development
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..