തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സം തന്നെയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അതിനുള്ള പരിഹാരം കണ്ടെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഓരോരുത്തര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ട്. കേരളത്തില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സം തന്നെയാണ്. മഴ ഇങ്ങനെ തുടര്‍ന്നാല്‍ എന്ത് ചെയ്യും എന്നത് പഠിക്കേണ്ട കാര്യമാണ്.

ജയസൂര്യ തന്റെ പ്രസംഗത്തില്‍ ഭൂരിപക്ഷവും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചാണ് സംസാരിച്ചത്. ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡാണുള്ളത്. കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററോളം റോഡുകളുണ്ട്. ഈ പ്രതികൂല കാലാവസ്ഥയില്‍ മഹാഭൂരിപക്ഷം റോഡുകള്‍ക്കും കാര്യമായ കേടുകള്‍ സംഭവിച്ചിട്ടില്ല. അയ്യോ മഴ എന്ന് പറഞ്ഞ് പ്രയാസപ്പെടാതെ പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന പൊതുമരാമത്ത് വകുപ്പിന്റെ പരിപാടിയില്‍ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ ജയസൂര്യ വിമര്‍ശിച്ചിരുന്നു. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ലെന്നായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.

Content Highlights: PA Muhammed Riyas, Jayasurya