പി.എ. മുഹമ്മദ് റിയാസ്| Photo: Mathrubhumi
തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തില്‍ വരുന്ന കേന്ദ്രമന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണം. വി. മുരളീധരന് നടത്തുന്ന പത്രസമ്മേളനത്തെക്കാള്‍ കൂടുതല്‍ കുഴികള്‍ കേരളത്തിലെ ദേശീയപാതകളിലുണ്ട്. പലതവണ ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാന്‍ ഒരു ഇടപെടലും മുരളീധരന് നടത്തിയില്ലെന്നും റിയാസ് കുറ്റപ്പെടുത്തി.
'നമ്മുടെ സംസ്ഥാനത്ത് ജനിച്ച്, ഇവിടെ കളിച്ച് വളര്‍ന്ന് മറ്റൊരു സംസ്ഥാനത്തുനിന്ന് രാജ്യസഭാ അംഗമായി പിന്നെ കേന്ദ്രമന്ത്രി വരെ ആയ ഒരു വ്യക്തിയുണ്ട്. നല്ല കാര്യം തന്നെ. എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്നുമുണ്ട് അദ്ദേഹം. അതും നല്ല കാര്യം തന്നെ. നടത്തുന്ന പത്രസമ്മേളനത്തെക്കാള്‍ കൂടുതല്‍ കുഴികള്‍ കേരളത്തിലെ ദേശീയപാതകളിലുണ്ട് എന്നത് ഒരു വസ്തുതയാണ്.
വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാന്‍ ഒരു ഇടപെടലും നടത്തിയില്ല. ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തേക്ക് ഒരുപാട് കേന്ദ്രമന്ത്രിമാര്‍ വരുന്നുണ്ട്. അത്തരം കേന്ദ്രമന്ത്രിമാര്‍ ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള റോഡുകളുടെ കുഴികള്‍ എണ്ണാനും അത് അടയ്ക്കാനും കൂടി ചുമതലയെടുത്ത് ശ്രദ്ധിക്കുന്നത് നന്നാകും'- റിയാസ് നിയമസഭയില്‍ പറഞ്ഞു.
കേന്ദ്ര മന്ത്രി എസ്. ജയ്ശങ്കര് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കഴക്കൂട്ടം മേല്‍പ്പാലം സന്ദര്‍ശിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വിമര്‍ശിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..