കോണ്‍ഗ്രസില്‍ മതനിരപേക്ഷവാദികള്‍ മനംനൊന്ത് പൊട്ടിപ്പൊട്ടി കരയുന്നു- പി.എ. മുഹമ്മദ് റിയാസ്


കോണ്‍ഗ്രസില്‍ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷവാദികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടില്‍ മനംനൊന്ത് ശബ്ദമൊന്ന് പുറത്തുകേള്‍പ്പിക്കാതെ മനസ്സില്‍ പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി.

മുഹമ്മദ് റിയാസ് | ഫോട്ടോ : കെ. കെ സന്തോഷ്

കോഴിക്കോട്: മുസ്ലിം ലീഗ് പതാക യു.ഡി.എഫ്. പൊതുയോഗസ്ഥലത്തുനിന്ന് മാറ്റിയ സംഭവം രണ്ടു പാർട്ടികൾ തമ്മിലുള്ള തർക്കമെന്നതിനപ്പുറം ഗൗരവമേറിയ യാഥാർത്ഥ്യങ്ങൾ വിളിച്ചോതുന്നുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മുസ്ലീം മതത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചിഹ്നങ്ങളോടും നിറങ്ങളോടും പേരുകളോടും അന്യതാബോധത്തോടുകൂടിയ ഒരു വെറുപ്പ് സംഘപരിവാര്‍ ആശയപ്രചരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന്‍റെ പൊതുബോധമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ബി.ജെ.പി. വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസ് ഏക ആശ്രയമെന്ന തെറ്റായ പ്രചരണത്തിൽ 2019ൽ കേരളത്തിലെ മനിരപേക്ഷ മനസ്സുകൾ പെട്ടുപോയി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മതനിരപേക്ഷ മനസ്സുകൾ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് ചെയ്തത് മറന്നില്ലെങ്കിലും താല്‍ക്കാലികമായി പൊറുത്തുവെന്ന് മന്ത്രി കുറിപ്പിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

"എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും"
ഇനിയുമെത്രകാലം മതനിരപേക്ഷ മനസ്സുകൾ കോണ്‍ഗ്രസിനോട് പൊറുക്കണം?

-പി എ മുഹമ്മദ് റിയാസ് -

തിരുവനന്തപുരം നഗരത്തിൽ യു.ഡി.എഫ് പൊതുയോഗസ്ഥലത്ത് കെട്ടിയ മുസ്ലീം ലീഗിന്‍റെ പതാക വലിച്ചെറിഞ്ഞുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് പറഞ്ഞത് പച്ചക്കൊടി നീ മലപ്പുറത്തോ, പാകിസ്ഥാനിലോ കൊണ്ടുപോയി കെട്ടിയാൽ മതിയെന്നാണ്. അനുഭവസ്ഥനായ ലീഗ് നേതാവ് വിതുമ്പലോടെ ചാനലിൽ ഈ വിവരം വെളിപ്പെടുത്തുന്നത് കാണാനിടയായി. ഒരുമിച്ച് നിന്നാലേ ഭാവിയില്‍ പഞ്ചായത്ത് ഭരണക്കസേരയില്‍ ഇരിക്കാനെങ്കിലും ചെറിയ സാധ്യതയുള്ളു എന്ന ഒറ്റക്കാരണത്താല്‍ പ്രശ്നം രണ്ടുകൂട്ടരും വേഗത്തില്‍ പരിഹരിക്കുമായിരിക്കും. എന്നാല്‍ ഇത് യു.ഡി.എഫിലെ രണ്ടു പാർട്ടികൾ തമ്മിലുള്ള തർക്കമെന്നതിനപ്പുറം മറ്റു ചില ഗൗരവമേറിയ യാഥാർത്ഥ്യങ്ങൾ വിളിച്ചോതുന്നുണ്ട്.

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെ വോട്ടുബാങ്ക് ലക്ഷ്യമാക്കി മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലങ്ങളായി സ്വീകരിച്ചുവരുന്നതിന്‍റെ ഭാഗമായി, മുസ്ലീം വിരുദ്ധത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിൽ വേരുറപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്. മുസ്ലീം മതത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചിഹ്നങ്ങളോടും നിറങ്ങളോടും പേരുകളോടും അന്യതാബോധത്തോടുകൂടിയ ഒരു വെറുപ്പ് സംഘപരിവാര്‍ ആശയപ്രചരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന്‍റെ പൊതുബോധമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംഘടനയ്ക്ക് അകത്ത് ഇത് തിരുത്തിക്കുവാനുള്ള പ്രത്യയശാസ്ത്ര വ്യായാമം കോൺഗ്രസിൽ നിലച്ചിട്ട് കാലങ്ങളേറെയായി.

പ്രശസ്ത ജർമ്മൻ തത്വചിന്തകൻ വാൾട്ടർ ബെഞ്ചമിൻ പറഞ്ഞതു പോലെ ആപത്തിന്‍റെ കാലത്ത് മനസ്സിലൂടെ മിന്നിമറയുന്ന ഓര്‍മ്മകളെ കയ്യെത്തിപ്പിടിക്കലാണ് ചരിത്രജ്ഞാനമെങ്കില്‍, ബാബറി മസ്ജിദിന്റെ മിനാരങ്ങൾ തകർന്നപ്പോൾ കോൺഗ്രസ് കൈക്കൊണ്ട നിലപാട് കയ്യെത്തിപ്പിടിക്കാതിരിക്കാനാകില്ല.

'എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും' എന്ന് ചരിത്രത്തില്‍ ശരിക്കും പ്രയോഗിച്ച മഹാത്മാ മണ്ഡേലയെപ്പോലെ 2019 ല്‍ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരാതിരിക്കുവാന്‍ കോണ്‍ഗ്രസ് ഏക ആശ്രയമെന്ന തെറ്റായ പ്രചരണത്തില്‍ പെട്ടുപോയി. 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മതനിരപേക്ഷ മനസ്സുകൾ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ മഹാനായ മണ്ഡേല പറഞ്ഞതുപോലെ കോണ്‍ഗ്രസ് ചെയ്തത് മറന്നില്ലെങ്കിലും താല്‍ക്കാലികമായി പൊറുത്തു.

പിന്നീട് കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ നിലപാടുകള്‍ ഘോഷയാത്രപോലെ നമ്മുടെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ദേശീയഭാരവാഹികള്‍, കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളടക്കം അലങ്കരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ക്യൂ നിന്ന് ബിജെപിയില്‍ ചേരുന്നത് പെട്രോളിനും ഡീസലിനും വില കൂടുന്നത് പോലെ ഇന്നൊരു നിത്യസംഭവമാണ്. കോണ്‍ഗ്രസില്‍ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷവാദികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടില്‍ മനംനൊന്ത് ശബ്ദമൊന്ന് പുറത്തുകേള്‍പ്പിക്കാതെ മനസ്സില്‍ പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് യുഡിഎഫ് പൊതുയോഗത്തില്‍ പച്ചനിറത്തിലുള്ള കൊടി കണ്ട് ഹാലിളകി അത് മലപ്പുറത്തോ പാകിസ്ഥാനിലോ നാട്ടിയാല്‍ മതി എന്ന് മുസ്ലീം ലീഗ് നേതാവിനോട് പറഞ്ഞ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഒരു വ്യക്തിയല്ല, പ്രതീകമാണ്. ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന വര്‍ഗ്ഗീയ അതിപ്രസരത്തിന്‍റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പ്രതീകം.

Content Highlights: PA Muhammad riyas facebook post about muslim league flag controversy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented