പ്രതിസന്ധി ഘട്ടങ്ങളില്‍ വഴികാട്ടി, ജീവിതത്തില്‍ പ്രചോദനം; കോടിയേരിയെ സ്മരിച്ച് പി വിജയന്‍ ഐപിഎസ്


പി വിജയൻ ഐ.പി.എസ് പങ്കുവെച്ച ചിത്രം

കോടിയേരി ബാലകൃഷ്ണനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ഐ.ജി പി വിജയന്‍. സംസ്ഥാനത്ത് ജനമൈതി പോലീസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതികള്‍ നടപ്പാക്കുന്നതിനായി അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പിന്തുണയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചയായ ചേലമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലെ മോഷണക്കേസ് ഫലപ്രദമായി പൂര്‍ത്തീകരിക്കുന്നതില്‍ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ഇടപെടലുകളുമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പി വിജയന്‍ ഐ.പി.എസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്

കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീപ്തമായ ഓര്‍മ്മ ഭരണാധികാരികള്‍ സഹപ്രവര്‍ത്തകര്‍ക്ക് വഴികാട്ടിയും മാര്‍ഗദര്‍ശ്ശിയുമായിരിക്കണം. ഈ തത്വം എനിക്ക് ബോധ്യമാക്കി തന്നത് ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ സാറാണ്. അദ്ദേഹത്തെ എന്നും സഹപ്രവര്‍ത്തകര്‍ക്ക് ഒരു വഴികാട്ടിയും നൂതന ആശയങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് പ്രചോദനവും ആയിരുന്നു.

തിരുവനന്തപുരം റൂറല്‍ എസ്.പി ആയിരുന്ന എന്നെ 2005-ല്‍ നഗരത്തിലെ ഗുണ്ടകളെ നിയന്ത്രിക്കണം എന്ന നിര്‍ദേശത്തോടെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയി നിയമിക്കുന്നത്. സഹപ്രവര്‍ത്തകരുടെ സഹകരണവും, ഒപ്പം ഷാഡോ പോലീസിംഗ് എന്ന നൂതന ആശയത്തിലൂടെയും കുറ്റകൃത്യങ്ങള്‍ ഒരു പരിധി വരെ കുറച്ചു കൊണ്ട് വരാന്‍ സാധിച്ചു. എന്നാല്‍ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ ക്രമസമാധാന പ്രശ്‌നങ്ങളെ നേരിടാനുള്ള ശാശ്വതമായ പരിഹാരമാണോ എന്ന ചോദ്യം ബാക്കി വന്നു. അതിന് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവരുടെ പങ്കാളിത്തവും പൂര്‍ണ്ണ സഹകരണവും അനിവാര്യമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തിലെ റെസിഡന്റ്സ് അസ്സോസിയേഷനുകളെ ഒരുമിച്ചു കൊണ്ടുവന്ന് അവരും പോലീസുമായി എല്ലാ മാസവും സ്ഥിരമായി കൂടിയിരുന്നു പരസ്പരം സംവദിക്കുന്ന ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കാന്‍ സാധിച്ചു. അങ്ങോട്ടുമിങ്ങോട്ടും പഴി ചാരാനല്ല, മറിച്ചു പരസ്പര സഹകരണം വര്‍ദ്ധിപ്പിച്ചു നഗരത്തിലെ ജനജീവിതത്തില്‍ ക്രിയാത്മകമായി എങ്ങനെ ഇടപെടാം എന്നതായിരുന്നു ഈ ചര്‍ച്ചകളുടെ ലക്ഷ്യം. അതോടൊപ്പം, നിലവിലുള്ള എല്ലാ ക്രിമിനലുകളെയും ജയിലില്‍ അടച്ചാല്‍ പിന്നെ നഗരത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകില്ല എന്നത് ഒരു മിഥ്യാധാരണയാണെന്ന് ആദ്യമേ ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പുതിയ ക്രിമിനലുകളെ സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതെയാക്കാനും കുട്ടികള്‍ ക്രിമിനലുകളുടെ അടുത്ത തലമുറയായി വളര്‍ന്ന് വരാതെയിരിക്കാനും ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധവും ധാരണയും അനിവാര്യമാണെന്ന തിരിച്ചറിവാണ് ഞങ്ങളെ നയിച്ചത്.

ഈ പശ്ചാത്തലത്തിലാണ് 'ജനകീയം 2006' എന്ന പേരില്‍ ഒരു പൊതുജന-വിദ്യാര്‍ത്ഥി കൂട്ടായ്മ കേരള പോലീസ് സംഘടിപ്പിച്ചത്. കൊച്ചി നഗരഹൃദയത്തിലെ ടൗണ്‍ ഹാളില്‍ വച്ചാണ് ഈ പരിപാടി. ഹാളിന്റെ താഴത്തെ നിലയില്‍ നഗരത്തിലെ റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി സംവേദനവും, മുകളിലത്തെ നിലയില്‍ നഗരത്തിലെ സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത കുട്ടികളുമായി പോലീസ് നടത്തുന്ന സംവാദവും എന്ന രീതിയിലായിരുന്നു ഇത് സംഘടിപ്പിച്ചത്. ജനങ്ങളും പോലിസും പരസ്പര സഹകരണത്തോടെ ചേര്‍ന്ന് അന്ന് സൃഷ്ടിച്ച സുരക്ഷാ വലയത്തിലെ ഒരു സുപ്രധാന കണ്ണി അപ്പോഴേക്കും അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണന്‍ സര്‍ ആയിരുന്നു. അന്നത്തെ ജനകീയം പരിപാടിയുടെ ശരിയായ അന്തഃസത്ത ഉള്‍കൊണ്ട അദ്ദേഹം മുന്നോട്ട് പോയി നടപ്പിലാക്കിയതാണ് ലോക ശ്രദ്ധ തന്നെ ആകര്‍ഷിച്ച ജനമൈത്രി സുരക്ഷാ പദ്ധതി എന്ന കമ്മ്യൂണിറ്റി പോലീസിംഗ് പദ്ധതി.

അതേസമയം, ടൗണ്‍ ഹാളില്‍ നടന്ന സംവാദം അവസാനിച്ചത് വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ ക്രിയാത്മകമായ ഇടപെടലിന് ഒരു സുസ്ഥിര വേദി വേണമെന്ന നിര്‍ദേശത്തോടെയാണ്. അതിന് ശേഷം ബറ്റാലിയന്‍ കമ്മാന്‍ഡന്റ് ആയും, പിന്നീട് മലപ്പുറം എസ്പി ആയും പോകുമ്പോഴും ഈ ചോദ്യം തന്നെയാണ് എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ എങ്ങനെ ഒരു സംവേദന വേദി സൃഷ്ടിക്കാം, സ്വമേധയാ നിയമ അനുസരിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാന്‍ കുട്ടികളില്‍ എന്ത് സാമൂഹ്യ നിക്ഷേപമാണ് നടത്തേണ്ടത് എന്നതായിരുന്നു എന്റെ സംശയങ്ങള്‍. അത്തരം ചിന്തകളില്‍ നിന്ന് ഉയര്‍ന്ന വന്ന ആശയങ്ങളെ ഉള്‍പ്പെടുത്തി ഒരു രണ്ടു പേജുള്ള പ്രൊപോസല്‍ ഞാന്‍ കോടിയേരി സാറിന് മുന്നില്‍ അവതരിപ്പിച്ചു. അത് വായിച്ചു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു, പേപ്പറില്‍ ഉള്ളത് നന്നായിട്ടുണ്ട്, പക്ഷെ ഇത് പ്രാവര്‍ത്തികമാക്കി കാണിക്കണം. അപ്പോഴേക്കും എനിക്ക് എറണാകുളം റൂറല്‍ ജില്ലയിലേക്ക് സ്ഥലം മാറ്റമായി. ഞാന്‍ അവിടെ ഇരിഞ്ഞോള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും കോലഞ്ചേരി സെയിന്റ് പീറ്റേഴ്‌സ് സ്‌കൂളിലും അദ്ധ്യാപകരുടെ സഹകരണത്തോടെ ഈ പദ്ധതിയുടെ ഒരു മാതൃക നടപ്പിലാക്കി. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന പ്രതിസന്ധികള്‍ സമയാസമയത്ത് കോടിയേരി സാറിനെ അറിയിച്ചുകൊണ്ടിരുന്നു. അതൊന്നും വകവെയ്ക്കേണ്ടതില്ല, പരീക്ഷണം നടക്കട്ടെയെന്നാണ് അദ്ദേഹം അപ്പോഴൊക്കെ പ്രതികരിച്ചത്. അതിന് ശേഷമാണ് അമ്പലപ്പുഴ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഈ പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കിയത്. അപ്പോഴൊക്കെ NSS കോഓര്‍ഡിനേറ്റര്‍ ആയ E. ഫാസില്‍ എന്റെ ഒപ്പം തന്നെയുണ്ടായിരുന്നു.

2010-ല്‍ കോഴിക്കോട് വച്ച് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ അന്നത്തെ കോഴിക്കോട് കമ്മീഷണര്‍ ആയിരുന്ന ശ്രീ. എസ് ശ്രീജിത്ത് IPSന്റെ കൂടി നേതൃത്വത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നടത്തിയ പ്രവര്‍ത്തനം ആ പദ്ധതിയുടെ സാധ്യതകളെ കുറിച്ച് ആഭ്യന്തര മന്ത്രിയായ കോടിയേരി സാറിനെ കൂടുതല്‍ ബോധ്യപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി സര്‍, ഡിജിപി ജേക്കബ് പുന്നൂസ് കജട, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ കഅട, ഹോം സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്ത ഒരു മീറ്റിംഗില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതി എന്താണെന്ന് വിശദീകരിക്കാന്‍ നിര്‍ദേശിച്ചു.

അന്ന് ഞാന്‍ അവതരിപ്പിച്ച പ്രസന്റേഷനെ തുടര്‍ന്ന് ജയകുമാര്‍ സര്‍ ചെയര്‍മാനായും ജേക്കബ് പുന്നൂസ് സാറും ഞാനും ഒക്കെ അടങ്ങുന്ന ഒരു കമ്മിറ്റി എസ്പിസിയുടെ കരട് രേഖ തയ്യാറാക്കാന്‍ രൂപീകരിക്കുകയുമുണ്ടായി. കരട് രേഖയുടെ അടിസ്ഥാനത്തില്‍ ഒരു ഗവണ്മെന്റ് ഓര്‍ഡര്‍ ഇറങ്ങിയെങ്കിലും, കോടിയേരി സര്‍ എന്നോട് പറഞ്ഞു G.O ഇറങ്ങിയത് കൊണ്ട് മാത്രം കാര്യമില്ല, ഇത് നടപ്പാക്കാനുള്ള പദ്ധതി വേണം എന്ന്. അതിന്റെ തുടര്‍ന്ന് ഇതേ രീതിയില്‍ തന്നെ വിദ്യാഭാസ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ഹോം സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയവര്‍ ഒരുമിച്ചു വന്ന ഒരു മീറ്റിംഗ് വിളിക്കുകയും ഈ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും അതിന് വേണ്ട സൗകര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇത് നടപ്പാക്കാനുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. ഇതിനെ തുടര്‍ന്ന് 2010 ഒക്ടോബര്‍ രണ്ടാം തീയതി, കോഴിക്കോട് വച്ച് ആയിരക്കണക്കിന് കേഡറ്റുകളുടെയും അധ്യാപകരുടെയും പൊതുജനത്തിന്റേയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സര്‍ അധ്യക്ഷനായ ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍ സര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതി ഔപചാരികമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. കേരളം ലോകത്തിന് സമര്‍പ്പിച്ച മാതൃകാപരമായ യുവജന പരിവര്‍ത്തന പദ്ധതിയുടെ തുടക്കം അതായിരുന്നു. അതില്‍ കോടിയേരി സാറിന്റെ പങ്ക് നിസ്തുലമായിരുന്നു.

മറ്റൊരു കാര്യം ഓര്‍മ്മ വരുന്നത്, ഞാന്‍ മലപ്പുറം എസ്.പി ആയിരിക്കുമ്പോഴാണ് അന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ച ചേലമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നടന്നത്. ഒരു തുമ്പും ബാക്കി വയ്ക്കാതെ 80 കിലോ സ്വര്‍ണ്ണവും 25 ലക്ഷം രൂപയും നഷ്ടമായ കവര്‍ച്ചയ്ക്ക് മുന്നില്‍ പോലീസ് സേന മുഴുവന്‍ സ്തബ്ധരായി നിന്നുപോയി. അന്വേഷണം എങ്ങും എത്താതെയായി. എന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു എങ്കിലും അവരുടെ കഴിവിനും അപ്പുറത്തായിരുന്നു ഈ കേസ്. അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചു കോടിയേരി സാര്‍ വിളിക്കുമ്പോഴെല്ലാം നിരാശയില്‍ നിന്നിരുന്ന എന്നോട്, അതെല്ലാം കിട്ടും അന്വേഷണം തുടരട്ടെ എന്ന പ്രോത്സാഹമാണ് കിട്ടിയത്. കേസിന്റെ ഇടയ്ക്ക് അന്ന് പൊന്നാനി സി.ഐ ആയിരുന്ന വിക്രമനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റമായി. ഒരു ജൂനിയര്‍ എസ്.പി ആയിരുന്ന ഞാന്‍ കോടിയേരി സാറിനെ ഫോണില്‍ വിളിച്ചിട്ടു വിക്രമനെ അന്വേഷണ സംഘത്തില്‍ വേണ്ടുന്നതിന്റെ കാരണം ബോധിപ്പിച്ചു. തുടര്‍ന്ന് വിക്രമനെ തേഞ്ഞിപ്പാലം പരിധിയിലുള്ള തിരൂരങ്ങാടി സ്റ്റേഷനില്‍ സി.ഐയായി മാറ്റം കിട്ടി. അങ്ങനെ ഞങ്ങള്‍ അന്വേഷണ സംഘത്തെ കൂടുതല്‍ ശക്തിപ്പെടുത്തി, കേവലം 56 ദിവസം കൊണ്ട് പ്രതികളെ പിടിച്ചു. ഈ സംഘത്തിലെ ഷൗക്കത്തലി, മോഹനചന്ദ്രന്‍ തുടങ്ങി ഓരോ ഉദ്യോഗസ്ഥനും അവരുടെ സര്‍വീസിലെ ഏറ്റവും അഭിമാനകരമായ അന്വേഷണമായിരുന്നു അത്. ഏതാണ്ട് മുപ്പതിലധികം സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളും ഇതര സാമൂഹ്യ സംഘടനകളും സ്വീകരണം നല്‍കി. അതില്‍ പത്തില്‍ അധികം സ്ഥലങ്ങളില്‍ ആഭ്യന്തര മന്ത്രി കോടിയേരി സര്‍ പങ്കെടുത്തു. അതുമാത്രമല്ല, കുട്ടികളുടെ സ്വഭാവ വൈകല്യങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞു അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന ഔര്‍ റെസ്‌പോണ്‌സിബിലിറ്റി ടു ചില്‍ഡ്രന്‍ (Our Responsibiltiy to Children) അഥവാ ഒ.ആര്‍.സി പോലുള്ള സാമൂഹ്യ പരിവര്‍ത്തന പദ്ധതികളുടെ ആശയം ഞാന്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുകയും അത് നടപ്പിലാക്കാന്‍ വേണ്ടുന്ന നേതൃത്വം നല്‍കുകയും അദ്ദേഹം എന്നും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ കോടിയേരി സര്‍ തന്നെയാണ് ഛഞഇയുടെ ഉത്ഘാടനവും കോഴിക്കോട് വച്ച് നടത്തിയത്.

പിന്നീട് എപ്പോള്‍ കാണുമ്പോഴും അദ്ദേഹം ഈ പദ്ധതികളുടെ അപ്പോഴത്തെ അവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും വേണ്ട ഉപദേശങ്ങള്‍ തരികയും ചെയ്തിരുന്നു. ഒരു പക്ഷേ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെക്കാള്‍ നമ്മുടെ സാമൂഹ്യവസ്ഥയ്ക്ക് ആവശ്യം ORC പദ്ധതിയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അത് ഉദ്ദേശിച്ച രീതിയില്‍ വികസിച്ചു വരാത്തതിലുള്ള വിഷമം അദ്ദേഹത്തിന്റെ വാക്കുകളില്‍ എന്നും ഉണ്ടായിരുന്നു.
കോടിയേരി സാറിന്റെ അവസാനത്തെ പത്രസമ്മേളനം കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയും ക്ഷീണവും വ്യക്തമായിരുന്നു. അന്ന് അദ്ദേഹത്തെ കാണാന്‍ അനുവാദം ചോദിച്ചു ഞാന്‍ വിളിച്ചപ്പോള്‍, നിങ്ങളെ കാണുന്നത് എനിക്ക് വളരെ സന്തോഷമാണെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ താമസസ്ഥലത്തു എത്തിയ ഞാന്‍ ഏതാണ്ട് ഒരു മണിക്കൂറോളമാണ് പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു ചിലവഴിച്ചത്. ആ കൂടിക്കാഴ്ച ഞങ്ങള്‍ രണ്ടുപേര്‍ക്കും വളരെ സന്തോഷം തന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി. എനിക്ക് പ്രതിസന്ധി ഘട്ടങ്ങളില്‍ വ്യക്തതയോടെ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിച്ച ആ മഹദ്വ്യക്തിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ എന്റെ ആദരാഞ്ജലി.

Content Highlights: P Vijayan ips kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented