സന്ദീപ് നായർ |Screengrab:mathrubhumi news
തിരുവനന്തപുരം: താന്‍ സ്വര്‍ണം കടത്തിയോ ഇല്ലയോ എന്ന കാര്യം ഇനി കോടതിയാണ് പറയേണ്ടതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. വ്യക്തിബന്ധത്തിന്റെ പേരിലാണ് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കടയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സന്ദീപ് നായര്‍ പറഞ്ഞു.
ഞാൻ നേരിട്ട് പോയി ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടനത്തിന് സ്വപ്നയുണ്ടായിരുന്നു. സ്വര്‍ണം കടത്തി എന്ന ആരോപണമാണ് എന്റെ പേരിലുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തു. കൊഫേപോസെ ചുമത്തി. ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കി. ഇപ്പോള്‍ വിട്ടയച്ചു. ഇനി കോടതി ശിക്ഷ വിധിക്കുമ്പോഴാണ് ആരാണ് കുറ്റവാളിയെന്ന് മനസ്സിലാവുകയെന്നും സന്ദീപ് വ്യക്തമാക്കി.
'ഞാന്‍ നിരപരാധിയോ അപരാധിയോ എന്നത് വരുംകാലങ്ങളില്‍ മനസ്സിലാകും. ഫൈസല്‍ ഫരീദിനെ വാര്‍ത്തകളിലൂടെ മാത്രമേ അറിയുകയുള്ളൂ. സരിത്ത് എന്റെ സുഹൃത്താണ്. 2006 മുതല്‍ സരിത്തിനെ അറിയാം. സരിത്ത് മുഖേനയാണ് സ്വപ്ന സുരേഷുമായുള്ള പരിചയം. കോടതിയില്‍ കേസുകളുള്ളതിനാല്‍ എല്ലാ കാര്യങ്ങളും തുറന്നുപറയാനാവില്ല.
യുഎഇ കോണ്‍സുലേറ്റുമായുള്ള ബന്ധം അവരുടെ കരാറുകള്‍ എടുത്ത് ചെയ്യുന്ന ആളെന്ന നിലയ്ക്കാണ്. ഈദും മറ്റും പരിപാടികളൊക്കെ വരുന്ന ഘട്ടത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുന്നതിനായി വസ്ത്രങ്ങളും മറ്റും വാങ്ങിച്ച് നല്‍കിയിരുന്നത് ഞാനായിരുന്നു. ചില ഘട്ടത്തില്‍ ഇടനില നില്ക്കുക മാത്രമാണ് ചെയ്തിരുന്നത്'- സന്ദീപ് നായര്‍ കൂട്ടിച്ചേര്‍ത്തു.
റമീസുമായി പരിചയം ഒരു സ്വര്‍ണക്കടത്ത് കേസിനെ തുടര്‍ന്നുണ്ടായതാണ്. ലൈഫ് മിഷന് ഇടപാടില്‍ കമ്മീഷന് വാങ്ങിയിട്ടുണ്ട്. അത് തെറ്റാണോയെന്നും സന്ദീപ് ചോദിച്ചു.
ലൈഫ് മിഷന് എന്നാണ് നിങ്ങള്‍ പറയുന്നതെങ്കിലും യുഎഇ റെഡ് ക്രസന്റ് യുഎഇ കോണ്‍സുലേറ്റ് വഴിയാണ് ഫ്ളാറ്റുകള്‍ പണിയുന്നത്. സര്‍ക്കാര്‍ സ്ഥലം നല്കി എന്നേയുള്ളൂ. അവിടെ ഫ്ളാറ്റ് പണിയുന്നതിന്റെ പണം മുഴുവന്‍ മുടക്കുന്നത് കോണ്‍സുലേറ്റാണ്. അപ്പോള്‍ അവര്‍ക്ക് തീരുമാനിക്കാം ആരെകൊണ്ട് പണിയിപ്പിക്കണമെന്ന്. അതിന്റെ കരാറെടുത്തതിലൂടെയാണ് കമ്മീഷന് കിട്ടിയതെന്നും സന്ദീപ് പറഞ്ഞു.
Content Highlights: p sreeramakrishnan was invited on a personal relation basis-sandeep nair-gold smuggling case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..