തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി പി. സതീദേവിയെ നിയമിച്ച് സർക്കാർ. ഒക്ടോബര്‍ ഒന്നിന് ചുമതല ഏല്‍ക്കും. പാര്‍ട്ടി സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് സതീദേവിയെ നേരത്തെ തന്നെ സിപിഎമ്മില്‍ ധാരണയായിരുന്നു. സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം.സി ജോസ്ഫൈനെ സ്ഥാനത്തുനിന്ന് മാറ്റിയത്. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസ്ഫൈന്‍ രാജിവെച്ചത്.

കമ്മിഷനിലെ മറ്റ് അംഗങ്ങള്‍ക്ക് കാലാവധി അവസാനിക്കുന്നത് വരെ തുടരാനാകും. പി. സതീദേവിക്കൊപ്പം പി.കെ ശ്രീമതി, സി.എസ് സുജാത, ടി.എന്‍ സീമ എന്നിവരുടെ പേരുകളും വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

Content Highlights: P sathidevi is the new chairperson of state women`s commission