കോഴിക്കോട്: കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ അനുസ്മരിച്ച് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിളള. പരിശുദ്ധ കാതോലിക്ക ബാവയുമായുളള വര്‍ഷങ്ങളോളം നീണ്ട വ്യക്തിപരമായ ബന്ധത്തെ അദ്ദേഹം അനുസ്മരിച്ചു.

'പരിശുദ്ധ കാതോലിക്ക ബാവയുമായി രണ്ടു പതിറ്റാണ്ടുകാലത്തെ ബന്ധമെനിക്കുണ്ട്. കാതോലിക്ക ബാവയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. നന്മയുടെ പ്രകാശ ഗോപുരമായാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. നിത്യജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം എപ്പോഴും അന്വേഷിക്കുകയും എനിക്ക് എല്ലാ തരത്തിലുമുളള ഉപദേശം നല്‍കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം 

ഇന്നത്തെ ഔദ്യോഗിക പദവികളിലെത്തുന്നതിന് മുമ്പ് എനിക്ക് കോട്ടയത്തെ പഴയ സെമിനാരിയില്‍ ജൂലിയസ് തിരുമേനി ഉള്‍പ്പടെ പങ്കെടുത്തുകൊണ്ട് സഭ ഒരു സ്വീകരണം നല്‍കുകയുണ്ടായി. ക്രിസ്തീയ സഭയില്‍ നിന്ന് എനിക്ക് ആദ്യമായി ലഭിച്ച സ്വീകരണമായിരുന്നു അത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ നാട്ടിലെ, കുന്നംകുളത്തെ പഴഞ്ഞിയിലെ പളളി പെരുന്നാളിന് എന്നെ കൊണ്ടുപോയി. 

അവിടത്തെ റാസ, സഭയിലേക്കുളള ഘോഷയാത്രക്ക് മുന്നില്‍ അവിടെയുളള ഒരു ഹൈന്ദവ കുടുംബമാണ് വിളക്ക് തെളിയിക്കുന്നത്. അവിടുത്തെ മറ്റുചടങ്ങുകളും എനിക്കദ്ദേഹം കാണിച്ചുതന്നു. കുട്ടികള്‍ ഉള്‍പ്പടെ സമൂഹം ഒന്നടങ്കം അതില്‍ പങ്കാളികളാകും. അതാണ് മഹത്തായ നമ്മുടെ പൈതൃകം എന്ന് അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രിയുടെ അടുത്തേക്ക് സഭാ പ്രതിനിധികളെ കൊണ്ടുപോകുന്നതില്‍ അദ്ദേഹവുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതിന് അദ്ദേഹമാണ് മുന്‍കൈയെടുത്ത ആള്‍. എന്നാല്‍ സഭുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഭാ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കര്‍ക്കശ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുളളത്. സഭയോടുളള പ്രതിബദ്ധത വ്യക്തമാക്കുന്നതായിരന്നു അതെല്ലാം. ഹിന്ദുവെന്നോ മുസല്‍മാനെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസം കൂടാതെ എല്ലാവര്‍ക്കും വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. 

അദ്ദേഹത്തിന്റെ വേര്‍പാടില്‍ എന്റെ ഹൃദയം നൊന്തുളള വേദന പങ്കുവെക്കുന്നു, ഒപ്പം ആത്മശാന്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.', ശ്രീധരന്‍ പിളള പറഞ്ഞു.