കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിനിടെ വിവാദപ്രസംഗം നടത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ല. മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. ശ്രീധരന്‍ പിള്ളയ്ക്കതിരെ പോലീസ് ജാമ്യമില്ലാ കേസ് എടുത്തിരുന്നു. ഐപിസി 505 (1) ബി പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്.

ജനങ്ങളില്‍ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുംവിധം ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിനാണ് ഈ വകുപ്പുപ്രകാരം കേസെടുക്കുന്നത്. പക്ഷെ അറസ്റ്റ് ചെയ്യണമെങ്കില്‍ മജിസ്ട്രേട്ടിന്റെ അനുമതി വേണം.  എന്നാല്‍ കേസിന്റെ സ്വഭാവമനുസരിച്ച് തുടരന്വേഷണത്തില്‍ ഈ വകുപ്പ് ഇളവ് ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയും. അതു കൊണ്ടുതന്നെ ഉടന്‍ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകന്‍ ഷൈബിന്‍ നന്മണ്ടയുടെ പരാതി പ്രകാരം വിവാദപ്രസംഗത്തില്‍ കസബ പോലീസായിരുന്നു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നത്. തുടര്‍ന്ന് കേസ് ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു .എന്‍ഡിഎയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മധൂരില്‍നിന്ന് ശബരിമല സംരക്ഷണരഥയാത്ര നടക്കുന്നതിനിടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് നടന്നാല്‍ അത് വലിയ പ്രതിഷേധത്തിലേക്ക് വഴിവച്ചേക്കും എന്ന സാധ്യതയും പോലീസിനെ കുഴക്കുന്നുണ്ട്. മാത്രമല്ല രഥയാത്രയ്ക്കുനേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് എന്‍ഡിഎ ഇന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധദിനമായി ആചരിക്കുകയാണ്

അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തത്. പൊതുപ്രവര്‍ത്തകരായ സാജന്‍ എസ് ബി നായര്‍  ഡിവൈഎഫ്ഐ നേതാവ് എല്‍ജി ലിജീഷ് എന്നിവരും വിവിധ സ്റ്റേഷനുകളില്‍ സമാനമായ പരാതി നല്‍കിയിട്ടുണ്ട്.

ശബരിമലയില്‍ 11 മുതല്‍ 17 വരെ നടന്ന പ്രക്ഷോഭ പരിപാടികള്‍ ബി.ജെ.പി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് എന്നാണ് ശ്രീധരന്‍ പിള്ള പ്രസംഗിച്ചത്. തന്ത്രി തന്നോട് ചോദിച്ച ശേഷമാണ് യുവതികള്‍ കയറിയാല്‍ നടയടക്കുമെന്ന് പറഞ്ഞത്. ശബരിമല നമ്മളെ സംബന്ധിച്ചിടത്തോളം സുവര്‍ണാവസരമാണ്. നമ്മള്‍ ഒരു അജന്‍ഡ മുന്നോട്ടു വെച്ചു, അതിനു പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞ് കളം കാലിയാക്കി... എന്നിങ്ങനെയായിരുന്നു വിവാദ പ്രസംഗം.

തന്ത്രിയെയും പ്രവര്‍ത്തകരെയും ശ്രീധരന്‍പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചിരിക്കയാണെന്ന് പരാതിയില്‍ പറയുന്നു. കോഴിക്കോട് മാവൂര്‍ റോഡിലെ നടക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലില്‍ വെച്ചായിരുന്നു വിവാദ പ്രസംഗം. ഇത് വലിയ രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരുന്നു. വിശ്വാസികളോടൊപ്പം എന്ന ലേബലിലാണ് ബി.ജെ.പി ശബരിമല പ്രതിഷേധത്തെ പ്രചരിപ്പിച്ചിരുന്നതെങ്കിലും പ്രസംഗം പുറത്ത് വന്നതോടെ ബി.ജെ.പി ഇത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നുവന്നത്.   

എന്നാല്‍ കേസെടുത്ത സാഹചര്യത്തിലും, പറഞ്ഞകാര്യത്തില്‍ ഒരുതരത്തിലുമുള്ള വ്യത്യാസം വരുത്താനും താന്‍ തയ്യാറല്ലെന്നാണ് ശ്രീധരന്‍പിള്ള മധൂരിലെ എന്‍.ഡി.എ യോഗത്തില്‍ പറഞ്ഞത്. മാത്രമല്ല തനിക്കെതിരേയുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കില്ലെന്നും കോഴിക്കോട് കോണ്‍ഗ്രസുകാരനും എറണാകുളത്ത് കമ്യൂണിസ്റ്റുകാരനും കേസ് കൊടുത്തിട്ടുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം. സുപ്രീംകോടതി വിധിയെ കുറിച്ച് അമിത്ഷാ പറഞ്ഞ കാര്യം ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതുകൊണ്ട് കേസിനെ ഭയമില്ലെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.

content highlights: p s sredharan pillai not likely to be arrested soon