-
സംവാദങ്ങള്‍ എന്നാല്‍, വിദ്വേഷവിഷംചീറ്റലായി എന്നത് മാറിയകാലത്തിന്റെ മുഖമുദ്രയാകാം. എന്നാല്‍, പ്രത്യയശാസ്ത്രപരമായി കടുത്ത വിയോജിപ്പ് നിലനിര്‍ത്തുമ്പോള്‍തന്നെ അന്തസ്സ് കൈവിടാതെ, എതിരാളികളെ താഴ്ത്തിക്കെട്ടുകയോ അപഹസിക്കുകയോ ചെയ്യാതെ മാന്യമായ ഭാഷയില്‍ വിയോജിപ്പുകള്‍ പറഞ്ഞിരുന്ന കാലം എണ്‍പതുകളുടെ സവിശേഷതയായിരുന്നു. അടിയന്തരാവസ്ഥയെ പിന്തുടര്‍ന്നുവന്ന ആ തുറന്ന സംവാദദശകക്കാലത്ത് (19801990) സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര യുദ്ധമുന്നണിയിലെ ഒറ്റയാള്‍ പടനായകനായിരുന്നു പി. പരമേശ്വരന്‍. പരസ്പരം സംവദിക്കാനാകാത്ത മാര്‍ക്‌സിസ്റ്റ്-ആര്‍.എസ്.എസ്. രാഷ്ട്രീയഭിന്നതകള്‍ തെരുവില്‍ ചോരയൊലിപ്പിച്ച അതേകാലത്തുതന്നെയാണ് സൈദ്ധാന്തികമായി തികഞ്ഞ ആര്‍ജവത്തോടെ അത് മുഖാമുഖംനിന്നതും.
പി. പരമേശ്വരന്‍ ഒരുവശത്തും മറുവശത്ത് മാര്‍ക്‌സിസത്തിന്റെ വ്യത്യസ്തധാരകളെ പ്രതിനിധാനംചെയ്ത് സാമ്പ്രദായിക ഇടതുപക്ഷംമുതല്‍ നവീന ഇടതുപക്ഷംവരെയുള്ള വ്യത്യസ്ത ധാരയിലുള്ള സൈദ്ധാന്തികര്‍ ഈ സംവാദത്തിന്റെ ഭാഗഭാക്കായിട്ടുണ്ട്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, എന്‍.ഇ. ബല്‍റാം, പി. ഗോവിന്ദപിള്ള, ടി.എന്‍. ജോയ്, കെ. വേണു, ടി.കെ. രാമചന്ദ്രന്‍, സച്ചിദാനന്ദന്‍, ബി. രാജീവന്‍, മുരളീധരന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ക്കുള്ള മറുപടികളിലൂടെയാണ് ഈ സംവാദം പി. പരമേശ്വരന്‍ ഒറ്റയ്ക്ക് വെട്ടിത്തുറന്നത്. ഇതില്‍ ഇ.എം.എസും പി. പരമേശ്വരനുമായുള്ള സംവാദങ്ങള്‍ സവിശേഷപ്രാധാന്യമുള്ളതാണ്. എതിരാളിയുടെ അന്തസ്സിനെ ഇകഴ്ത്താതെ ബഹുമാനപൂര്‍വം വിയോജിപ്പുകള്‍ മുഖത്തുനോക്കി പറയുന്ന രീതി അവര്‍ വളര്‍ത്തിയെടുത്തിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ നേരിട്ട സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുജീവിതത്തില്‍ പങ്കുവെച്ച മാന്യതയാണിത്.
ദേശീയതലത്തില്‍ സംഘപരിവാര്‍ ഒരു രാഷ്ട്രീയശക്തിപോലുമല്ലാതിരുന്ന കാലത്ത് പ്രത്യയശാസ്ത്രപരമായി അതിന്റെ വരവ് അടയാളപ്പെടുത്തുന്ന സൈദ്ധാന്തിക ആവിഷ്‌കാരമായാണ് പി. പരമേശ്വരന്റെ ചിന്തകളെ വിമര്‍ശകര്‍ കണ്ടിരുന്നത്. കോണ്‍ഗ്രസിന്റെ സൈദ്ധാന്തിക ശൂന്യതയിലേക്ക് ഇരച്ചുകയറി ഇടംപിടിച്ചതുകൊണ്ടുതന്നെ എണ്‍പതുകളിലെ ഇടതുപക്ഷ സൈദ്ധാന്തിക പ്രവര്‍ത്തകര്‍ മുഖ്യമായും ഏറ്റുമുട്ടിയിരുന്നത് പി. പരമേശ്വരന്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സംവാദവിഷയങ്ങളോടായിരുന്നു. സോവിയറ്റ് യൂണിയനില്‍ ഗോര്‍ബച്ചേവ് 1985-89 കാലത്ത് അഴിച്ചുവിട്ട പെരിസ്ട്രോയിക്ക/ഗ്ലാസ്നോസ്ത് പ്രതിഭാസങ്ങള്‍ 89-91 കാലത്ത് സോവിയറ്റ് പതനത്തിനുതന്നെ വഴിയൊരുക്കുകയും ചെയ്തു. 1986-ല്‍ ആര്‍.എസ്.എസിന്റെ പ്രസക്തിയെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടക്കമിട്ട ഒരു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പി. പരമേശ്വരന്‍ തന്റെ സൈദ്ധാന്തികമായ കുന്തമുന തിരിക്കുന്നത് കോണ്‍ഗ്രസിനേക്കാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേയാണ്. എന്നാല്‍, അത് പ്രത്യയശാസ്ത്രപരമാണ്. വ്യക്തിപരമായ അധിക്ഷേപത്തിന്റെ ഒരു തലം അതില്‍ തെല്ലുമില്ലായിരുന്നു.
മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോള്‍ എണ്‍പതുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ജനാധിപത്യബോധത്തില്‍ അധിഷ്ഠിതമായ സംവാദത്തിന്റെ അപചയം സര്‍വമണ്ഡലങ്ങളെയും വിഴുങ്ങുന്നതായിക്കാണാം.
ഇന്ന് രാഷ്ട്രീയസംവാദങ്ങള്‍ എത്തിനില്‍ക്കുന്നത് ചാനല്‍ചര്‍ച്ചകളിലെ വെറുപ്പിന്റെ പ്രചാരവേലകളിലാണെന്നറിയുമ്പോഴാണ് എണ്‍പതുകളിലെ ബൗദ്ധികസംവാദങ്ങളുടെ വിലയറിയുന്നത്, പി. പരമേശ്വരന്റെയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..