കൊച്ചി: ‘അമരമാകണം എന്റെ രാഷ്ട്രം... വിശ്വവിസ്തൃതിനേടണം, നിഖില വൈഭവ പൂർണമാകണം എവിടെയും ജനജീവിതം...’ ആർ.എസ്.എസിന്റെ ഗണഗീതങ്ങളിൽ, സംഘപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാണ് പി. പരമേശ്വരൻ രചിച്ച ഈ ഗാനം. ആർ.എസ്.എസിനെ ചലനാത്മകമാക്കുന്നതിലും ആശയദൃഢതയുണ്ടാക്കുന്നതിലും ഗണഗീതങ്ങൾ വഹിച്ച പങ്ക് വലുതാണ്. അതിൽ പി. പരമേശ്വരൻ നൽകിയ സംഭാവന അതുല്യമാണ്.

അദ്ദേഹമെഴുതിയ പാട്ടുകൾ വെറും സ്തുതിഗീതങ്ങളായിരുന്നില്ല. പൗരന് അവന്റെ ഉത്തരവാദിത്വങ്ങൾ ബോധ്യപ്പെടുത്തുന്ന ഉണർത്തുന്ന പാട്ടുകളായിരുന്നു അതെന്ന് ആർ.എസ്.എസ്. മുതിർന്ന പ്രചാരകൻ, ആർ. ഹരി ഓർക്കുന്നു. ഭജനപോലുള്ള സ്തുതിഗീതങ്ങളായിരുന്നു ഗണഗീതങ്ങളിൽ തൊണ്ണൂറു ശതമാനവും. എന്നാൽ, പരമേശ്വരൻ ഗീതങ്ങളിലൂടെ സ്വതന്ത്രഭാരതത്തിലെ പൗരനെ അവന്റെ ദൗത്യങ്ങളെക്കുറിച്ച് ഓർമിപ്പിച്ചു.

അദ്ദേഹം ആശയപ്രചാരണത്തിലൂന്നി ദീൻദയാൽജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതലക്കാരനായി. ഡൽഹിയിലെ കാലാവസ്ഥയും മറ്റും ബുദ്ധിമുട്ടായതിനെത്തുടർന്നാണ് അദ്ദേഹം പ്രവർത്തനം കേരളത്തിലേക്കു മാറ്റുന്നത്. ദീൻദയാൽജി ഇൻസ്റ്റിറ്റ്യൂട്ടിനു സമാനമായി കേരളത്തിൽ അദ്ദേഹം മുൻകൈയെടുത്ത് തുടങ്ങിയതാണ് ഭാരതീയ വിചാരകേന്ദ്രം.

അദ്ദേഹം കോഴിക്കോട്ട് പ്രചാരകനായിരുന്നപ്പോഴാണ് ആശയ പ്രചാരണത്തിനായി സംഘത്തിന്റെ മുഖപത്രമായ കേസരി ആരംഭിക്കുന്നത്. സംസ്‌കൃതം, യോഗ, ഗീത എന്നിവയ്ക്കുള്ള സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം പ്രമുഖസ്ഥാനം നൽകി.

ഒറ്റപ്പാലത്ത് ശനിയാഴ്ച ഞങ്ങൾ ഒന്നിച്ച് ഒരു വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഞങ്ങൾ കുറെനേരം സംസാരിച്ചിരുന്നു. ഞാൻ കൊച്ചിയിലെ സംഘ ആസ്ഥാനത്തേക്ക് ശനിയാഴ്ചതന്നെ മടങ്ങി. അദ്ദേഹം ഞായറാഴ്ച രാവിലെ ആസ്ഥാനത്തേക്ക് പുറപ്പെടാമെന്നായിരുന്നു പറഞ്ഞിരുന്നത് - ആർ. ഹരി പറയുന്നു.