കൊച്ചി: ജയിലിലെ സഹവാസിയായിരുന്ന പരമേശ്വർജിയെ അവസാനമായി ഒരുവട്ടം കാണാൻ മുതിർന്ന സി.പി.എം. നേതാവ് എം.എം. ലോറൻസ് എത്തി. രണ്ടു രാഷ്ട്രീയതലങ്ങളിൽ നിൽക്കുന്ന രണ്ടുപേർ ഒരേ തടവറയിലെ സഹവാസികളായി മാറിയത് അടിയന്തരാവസ്ഥക്കാലത്താണ്. ഇരുവരും തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകളിലാണ് ഒരുമിച്ചു കഴിഞ്ഞത്.

പരമേശ്വർജിയുമായുള്ള ജയിൽവാസം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ലോറൻസ് പറഞ്ഞു. ജയിലിൽ പ്രത്യേകിച്ച് ജോലികളൊന്നുമുണ്ടായിരുന്നില്ല. അതിനാൽത്തന്നെ ധാരാളം ചർച്ചകൾ അദ്ദേഹത്തോടൊപ്പം നടത്താൻ കഴിഞ്ഞുവെന്ന് ലോറൻസ് പറഞ്ഞു. പരമേശ്വർജിയുടെയും കമ്യൂണിസ്റ്റുകാരനായ തന്റെയും സിദ്ധാന്തങ്ങൾ തമ്മിൽ വൈരുധ്യം ഉണ്ടെന്നിരിക്കെയാണ് ചർച്ചകൾ ധാരാളം നടന്നത്. തമ്പാൻ തോമസ്, ആലുങ്കൽ ദേവസി എന്നിവരും ജയിലിൽ ഒരുമിച്ചുണ്ടായിരുന്നുവെന്ന് ലോറൻസ് പറഞ്ഞു.

സൗമ്യമായ സംസാരവും പെരുമാറ്റവും ലാളിത്യത്തോടെയുള്ള ജീവിതവുമായിരുന്നു പരമേശ്വർജിയുടേത്. പരേമേശ്വർജിയോടൊപ്പം ബാല്യകാലത്ത് മുഹമ്മയിൽ ഒന്നിച്ച് കളിച്ചുവളർന്ന സഖാവ് കുമാരൻ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുറെയേറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹമെന്ന് ഇതിലൂടെ മനസ്സിലാക്കാനായെന്നും ലോറൻസ് പറഞ്ഞു.

ആദർശപരമായോ ആശയപരമായോ യോജിപ്പില്ലെങ്കിലും മനുഷ്യനന്മ മുൻനിർത്തിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത് എന്നത് വിസ്മരിക്കാനാവില്ലെന്ന് എം.എം. ലോറൻസ് കൂട്ടിച്ചേർത്തു.