കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് സി.പി.എം നിലപാടില്‍ തെറ്റ് പറ്റിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. അലനും താഹയും സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് എല്ലാ കാലത്തും ഒരു നിലപാടാണ്. പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ തെറ്റില്ലെന്നും പി. മോഹനന്‍ പറഞ്ഞു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അലന്റെയും താഹയുടെയും ബ്രാഞ്ച് ഉള്‍പ്പെടുന്ന ഏരിയാ സമ്മേളനത്തിലാണ് പന്തീരാങ്കാവ് വിഷയവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നത്. പോലീസ് പറഞ്ഞത് മാത്രം വിശ്വസിച്ച് പാര്‍ട്ടി മുന്നോട്ടുപോയി എന്നതായിരുന്നു സമ്മേളന പ്രതിനിധികളില്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം. യു.എ.പി.എ വിഷയത്തിലെ പാര്‍ട്ടി നിലപാടും സമ്മേളനത്തില്‍ ചര്‍ച്ചയായി. 

നേരത്തെ പി. മോഹനന്‍ കോഴിക്കോട് പ്രസ്സ്  ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലീസിനെതിരെ പരോക്ഷമായി ഈ വിഷയത്തില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നതോടെ അദ്ദേഹം ഈ നിലപാടില്‍ നിന്ന് പിറകോട്ട് പോവുകയായിരുന്നു.

Content Highlights: P Mohanan on Pantheerankavu UAPA case