മലപ്പുറം: മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാന്നെന്നും എന്‍ഡിഎ മുന്നണിയിലേക്കുള്ള ശോഭാ സുരേന്ദ്രന്റെ ക്ഷണത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി ആയിട്ടില്ല. അതിനുവെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മലപ്പുറത്ത് നടന്ന ലീഗിന്റെ സൗഹൃദ സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കേരളത്തിലെ ഇടത് മുന്നണി ബിജെപിയുടെ ഭാഷയിലാണ് ഇപ്പോള്‍ സംസാരിക്കുന്നത്. അതുകൊണ്ട് ബിജെപിക്ക് ക്ഷണിക്കാന്‍ നല്ലത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ്' , കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യയില്‍ ബിജെപിയെ നേരിടുന്നതില്‍ മുന്നിലുള്ളത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് മുന്നണിയില്‍ നിലകൊള്ളുന്നതില്‍ ലീഗിന് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

വര്‍ഗീയ നിലപാട് തിരുത്തി മോദിയുടെ നയങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് പറഞ്ഞാല്‍ മുസ്ലി ലീഗിനേയും ഉള്‍ക്കൊള്ളാനുള്ള ദര്‍ശനമാണ് ബിജെപിയുടെത് എന്നാണ് ശോഭാ സുരേന്ദ്രന്‍ ശനിയാഴ്ച പറഞ്ഞിരുന്നത്. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ശോഭയുടെ നിലപാടിനെ തള്ളി പറഞ്ഞെങ്കിലും കുമ്മനം രാജശേഖരന്‍ ശോഭയെ പിന്തുണച്ചിരുന്നു.

content highlights: P K Kunhalikutty reply to Sobha Surendran