തിരുവനന്തപുരം: യുഡിഎഫിനെ തളർത്തി ബിജെപിയെ വളര്‍ത്താനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരത്ത് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായികമായി ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപി ചെയ്യുന്നത്. അത് എല്‍ഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ അവരും ഈ വഴിയിലേക്കാണ് നീങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. 

യുഡിഎഫിന്റെ വോട്ട് ബിജെപിക്ക് പോയാല്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ ഭരണ തിരഞ്ഞെടുപ്പു പോലെയാകില്ല നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാകും ഉണ്ടാവുകയെന്നും ബിജെപിക്ക് അതില്‍ നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫിന്റെ വോട്ടുചോര്‍ത്താനുള്ള ശ്രമം ശബരിമല സമരം നടന്നിരുന്ന സമയത്തും എല്‍ഡിഎഫ് നടത്തിയിരുന്നതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.  എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് ഫലം ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ബിജെപി വളരുന്ന പാര്‍ട്ടിയല്ല മറിച്ച് തളരുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു.

 

Content Highlights: P K Kunhalikutty against LDF