കോഴിക്കോട്: ഗത്യന്തരമില്ലാതെയാണ് കെ.ടി. ജലീല്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറായതെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവസാന നിമിഷം വരെ മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ വാദം തുടങ്ങിയപ്പോല്‍ തന്നെ സ്‌റ്റേ ലഭിക്കില്ലെന്ന് ബോധ്യമായപ്പോഴാണ് രാജിവെയ്ക്കാന്‍ തയ്യറായതെന്നും ഫിറോസ് പറഞ്ഞു. 

സ്റ്റേ ലഭിക്കില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍ രാജിവെച്ചപ്പോളും നുണപറയാനാണ് മന്ത്രി ശ്രമിച്ചതെന്നും ഫിറോസ് പറഞ്ഞു. മന്ത്രി നുണയനാണ് എന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജിവെച്ചപ്പോഴെങ്കിലും അദ്ദേഹം സത്യസന്ധത പാലിക്കാന്‍ തയ്യാറാകേണ്ടിയിരുന്നു. രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണ് രാജിയെന്നാണ് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇത് രാഷ്ട്രീയ ധാര്‍മികതയുടെ പേരിലല്ല, ലോകായുക്ത വിധിയുടെ പേരിലാണ്. 

ധാര്‍മികയുടെ പേരിലാണെങ്കില്‍, 2018 നവംബര്‍ 2ന് യൂത്ത് ലീഗ് ഈ ആരോപണം ഉന്നയിക്കുന്ന അന്ന് തന്നെ രാജിവെയ്ക്കണമായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. തുടര്‍ന്ന് മന്ത്രിയുടെ ബന്ധു രാജിവെച്ച അന്നെങ്കിലും രാജിവെയ്ക്കാന്‍ മന്ത്രി തയ്യാറാകണമായിരുന്നു. അന്നൊന്നും രാജിവെയ്ക്കാതെ ആരോപണം ഉന്നയിച്ച തനിക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളും പരിഹാസങ്ങളും നടത്താനാണ് മന്ത്രി ശ്രമിച്ചതെന്നും ഫിറോസ് ആരോപിച്ചു. 

കെ.ടി. ജലീല്‍ ചെയ്ത എല്ലാ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും സത്യപ്രതിജ്ഞാ ലംഘനത്തിനും കൂട്ടുനിന്നത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ജലീല്‍ രാജിവെച്ച സ്ഥിതിക്ക് കൂട്ടുപ്രതിയായ മുഖ്യമന്ത്രി എന്ത് ശിക്ഷയാണ് ഏറ്റെടുക്കാന്‍ പോകുന്നതന്നെ് വ്യക്തമാക്കണം. ഇനിയെങ്കിലും വിജിലന്‍സിന് കൊടുത്ത പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോയെന്നും ഫിറോസ് ചോദിച്ചു.

Content Highlights: P K Firos against K T Jaleel