കണ്ണൂര്‍: ജെആര്‍പി നേതാവ് പ്രസീത താനുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ സുരേന്ദ്രന്റെ ആരോപണം അപ്രസക്തമെന്ന് പി ജയരാജന്‍. പ്രസക്തമായത് പ്രസീതയുടെ വെളിപ്പെടുത്തലുകളാണ്. അതിന് കെ സുരേന്ദ്രന്‍ മറുപടി പറയണം. തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോള്‍ കുറ്റവാളി നടത്തുന്ന വെപ്രാളമാണ് സുരേന്ദ്രന്‍ ഇപ്പോള്‍ നടത്തുന്ന ആക്ഷേപങ്ങളെന്നും പി ജയരാജന്‍ കണ്ണൂരില്‍ പ്രതികരിച്ചു. 

തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഉപയോഗിച്ചെന്ന ആക്ഷേപത്തിന് മറുപടി പറയാന്‍ ബാധ്യസ്ഥനായ സുരേന്ദ്രന്‍ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപി രക്ഷപ്പെടാന്‍ പോവുന്നില്ല. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന് പകരം പണാധിപത്യമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. ആര്‍എസ്എസിനും ഇക്കാര്യത്തില്‍ പങ്കുണ്ട്. 

പ്രസീത ഗൗരവതരമായ ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് സുരേന്ദ്രനാണ്. പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയതിന് സുരേന്ദ്രന്‍ തെളിവുമായി വരുമ്പോള്‍ മറുപടി നല്‍കാമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു. 

കെ. സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ജെആര്‍പി നേതാവ് പ്രസീതയും രംഗത്തെത്തി. പി.ജയരാജനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്ന് പ്രസീതയും പ്രതികരിച്ചിട്ടുണ്ട്. 

സി.കെ.ജാനു വിവാദം ഗൂഢാലോചനയുടെ ഫലമാണെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു