കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തര്‍ക്കം മുറുകുന്നു. സി എഫ് തോമസ് പാര്‍ട്ടി പാര്‍ലമെന്ററി നേതാവാകുമെന്നും സംസ്ഥാന കമ്മറ്റി ഉടനില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി.
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പി ജെ ജോസഫിന്, വര്‍ക്കിങ് ചെയര്‍മാനായി ജോസ് കെ മാണി, സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന ഫോര്‍മുല എങ്ങനെയും നടപ്പാക്കാനാണ് പി ജെ ജോസഫ് വിഭാഗത്തിന്റെ ശ്രമം. ഇതുവരെ സമവായമെന്ന് മാത്രം പറഞ്ഞിരുന്ന പി ജെ ജോസഫ്, നിലപാട് കടുപ്പിക്കുകയാണ്.
മരണം മൂലം പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഒഴിവു വന്നാല്‍ സമവായത്തിലൂടെ പുതിയ ആളെ കണ്ടെത്തുകയാണ് വേണ്ടതെന്നും അതിന് സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ക്കേണ്ടതില്ലെന്നും ജോസഫ് പറയുന്നു. അതേസമയം ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്നാണെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
സംസ്ഥാന കമ്മറ്റി വിളിക്കേണ്ട പ്രത്യേക സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്ന് ജോസഫിന്റെ നിലപാട് തന്നെ ഉടന്‍ സംസ്ഥന കമ്മറ്റി ചേര്‍ന്നേക്കില്ല എന്നതിന്റെ സൂചനയാണ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി നേതാവായിരുന്ന ആള്‍ ആ സ്ഥാനത്തേക്ക് സ്വാഭാവികമായി എത്തുമെന്നാണ് ജോസഫിന്റെ ഇപ്പോഴത്തെ വാദം.
content highlights: p j joseph, kerala congress m, jose k mani