കോട്ടയം: കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചതിനെതിരെ തിങ്കളാഴ്ച റിട്ട് ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്. ചിഹ്നം നോക്കിയല്ല ജോസ് കെ. മാണി വിഭാഗത്തിനെതിരെ യുഡിഎഫ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗം യുഡിഎഫിലേയ്ക്ക് തിരികെ വരുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് തന്റെ നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ് രംഗത്തെത്തിയത്.

ചെയര്‍മാന്‍ അല്ലാത്ത ആള്‍ക്ക് വിപ്പ് കൊടുക്കാന്‍ അധികാരമില്ല. ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞതിനു ശേഷം ചെയര്‍മാനെന്ന നിലയില്‍ വിപ്പ് കൊടുക്കുന്നത് കോടതി അലക്ഷ്യമാണ്. അതിനെതിരെ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നത്തെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ. അക്കാര്യത്തില്‍ത്തന്നെ ഒരംഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ റിട്ട് പെറ്റീഷന്‍ അടുത്ത തിങ്കളാഴ്ച സമര്‍പ്പിക്കും. 

പാര്‍ട്ടി ഭരണഘടന പ്രകാരം ഞാന്‍ ഇപ്പോഴും വര്‍ക്കിങ് ചെയര്‍മാനാണ്. യോഗം വിളിക്കാന്‍ ചെയര്‍മാനോ വര്‍ക്കിങ് ചെയര്‍മാനോ മാത്രമേ അധികാരമുള്ളൂ. അല്ലാത്ത യോഗം നിയമവിരുദ്ധമാണ്. ചെയര്‍മാനാനാണെന്ന് അവകാശപ്പെട്ട് ഞങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ കൈയ്യേറുകയാണ്. താന്‍ വര്‍ക്കിങ് ചെയര്‍മാനാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിഹ്നത്തിന്റെ അടിസ്ഥാനത്തിലല്ല യുഡിഎഫ് ജോസ് കെ മാണിക്കെതിരെ നടപടി സ്വീകരിച്ചത്. യുഡിഎഫിന്റെ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതുകൊണ്ട് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. ചിഹ്നം നോക്കിയിട്ടല്ല രാഷ്ട്രീയ തീരുമാനമെടുത്തതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.

Content Highlights; p j joseph press meet on election commissions verdict on kerala congress election symbol