ഇടുക്കി: മുന്നണി ബന്ധം അനിവാര്യമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ്. ഇന്നത്തെ സാഹചര്യത്തില്‍ മുന്നണിയുമായുള്ള ബന്ധം കേരള കോണ്‍ഗ്രസിന് ആവശ്യമാണ്. എന്നാല്‍, ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതിനു ശേഷം മുന്നണി ബന്ധം സംബന്ധിച്ച് പി.ജെ. ജോസഫ് നിലപാട് വ്യക്തമാക്കുന്നത് ആദ്യമായാണ്. മുന്നണി ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് നില്‍ക്കാനുള്ള കേരള കോണ്‍ഗ്രസ് (എം) തീരുമാനത്തില്‍ ജോസഫ് വിഭാഗത്തിനുള്ള എതിര്‍പ്പ് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

പുതിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് മുന്നണി രാഷ്ട്രീയത്തിന് പ്രസക്തിയുണ്ടെന്നും മുന്നണി ബന്ധം അനിവാര്യമാണെന്നും മോന്‍സ് ജോസഫും വ്യക്തമാക്കിയിരുന്നു. ഒരിക്കലും എന്‍.ഡി.എയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

യു.ഡി.എഫ്. ബന്ധം ഉപേക്ഷിച്ച് ഒറ്റക്ക് നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനിച്ചതിനെക്കുറിച്ച് പി.ജെ. ജോസഫ് പ്രതികരിച്ചിരുന്നില്ല. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതേസമയം, യു.ഡി.എഫ്. വിടുന്നത് സംബന്ധിച്ച് കേരള കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, മുന്നണി ബന്ധം ആവശ്യമാണെന്ന പ്രതികരണം ജോസഫ് വിഭാഗത്തിലെ പ്രബലനായ മോന്‍സ് ജോസഫ് ആണ് ആദ്യം ഉന്നയിച്ചത്. തൊട്ടുപിന്നാലെ മോന്‍സിനെ അനുകൂലിച്ച് പി.ജെ. ജോസഫിന്റെ പ്രതികരണവും വന്നു. കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം നേതാക്കള്‍ തമ്മില്‍ കണ്ടിരുന്നു. 

യു.ഡി.എഫിലേക്ക് തന്നെ തിരികെ എത്താമെന്ന ഉറപ്പിലാണ് പാര്‍ട്ടി തീരുമാനത്തെ തള്ളി പറയാന്‍ ജോസഫ് വിഭാഗം തയ്യാറാകാത്തത്. അതേസമയം, പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്ലാതെ യു.ഡി.എഫ്. ബന്ധം ഉപേക്ഷച്ചതിലുള്ള എതിര്‍പ്പാണ് ജോസഫും സംഘവും പ്രകടിപ്പിക്കുന്നതെന്നാണ് സൂചന.