കോട്ടയം: പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ താല്‍ക്കാലിക ചെയര്‍മാന്‍. പുതിയ ചെയര്‍മാനെ തിരഞ്ഞടുക്കുന്നതു വരെ പി ജെ ജോസഫ് തല്‍സ്ഥാനത്ത് തുടരും. ചെയര്‍മാനെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെയും ഉടന്‍ തിരഞ്ഞെടുക്കും.
ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയെന്ന് വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസിനെയും ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ അതൃപ്തി അറിയിച്ച് ജോസഫ് വിഭാഗം രംഗത്തെത്തി.
ജോസ് കെ മാണി ചെയര്‍മാന്‍ ആകണമെന്ന് അഭിപ്രായമില്ലെന്നും ജില്ലാ പ്രസിഡന്റുമാരല്ല തീരുമാനങ്ങളെടുക്കുന്നതെന്നുമായിരുന്നു ജോസഫിന്റെ പ്രതികരണം. സി എഫ് തോമസിനെ ചെയര്‍മാനാക്കണമെന്ന് നിര്‍ദേശം വന്നാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെ എം മാണിയുടെ മരണത്തോടെയാണ് പുതിയ അധ്യക്ഷനെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെയും കണ്ടെത്തുന്നതിലേക്ക് കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടെത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാര്‍ മാണിവിഭാഗത്തിനൊപ്പമാണ്.
content highlights: p j joseph kerala congress m interim chairman