തൊടുപുഴ: തിരഞ്ഞെടുപ്പ് പരാജയത്തില്‍ ഘടകകക്ഷികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും ആത്മപരിശോധന നടത്തണമെന്നും കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സമയത്ത് മുന്നണിയില്‍ ഉണ്ടായിരുന്ന കെട്ടുറപ്പ് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും കെട്ടുറപ്പുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തദ്ദേശ തിരഞ്ഞെടിുപ്പില്‍ ഉണ്ടായ കുറവ് നികത്താനായില്ല. ആ കുറവ് പലസ്ഥലത്തും നിലനിന്നു.  ഘടകക്ഷികള്‍ തോറ്റ സീറ്റുകള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. ഇനി ചെയ്യേണ്ടത് കുറവുകള്‍ നികത്തി മുന്നോട്ട് പോകുക എന്നതാണെന്നം അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസിലെ ഗ്രൂപ്പാണോ പ്രശ്‌നമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് പി.ജെ.ജോസഫ് മറുപടി പറഞ്ഞത്. ഗ്രൂപ്പിലാതെ പ്രവര്‍ത്തിച്ചപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജയിച്ചു. ഇടുക്കിയില്‍ പോലും വലിയ വിജയമാണുണ്ടായത്. കോണ്‍ഗ്രസ് വിചാരിച്ചാല്‍ നടക്കുമെന്നും അതിനുള്ള ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാലായില്‍ ട്രാക്ടറില്‍ അല്ലേ മാണി സി കാപ്പന്‍ 15000 വോട്ടിന് വിജയിച്ചതെന്ന് ചിഹ്നം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചെറിയ വ്യത്യാസത്തിനാണ് പല സീറ്റുകളും തോറ്റതെന്നും അത് മൊത്തത്തിലുള്ള ഒഴുക്ക് എല്‍ഡിഎഫിന് അനുകൂലമായി വന്നതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlighs: P. J. Joseph, congress, assam election 2021