കല്‍പ്പറ്റ: 'ഇക്കോ ടെററിസ്റ്റ്' എന്ന് പരിസ്ഥിതിസ്‌നേഹികള്‍ വിശേഷിപ്പിക്കുന്ന വനംവകുപ്പുദ്യോഗസ്ഥനായ പി. ധനേഷ്‌കുമാര്‍ വര്‍ഷങ്ങളായി കേരളത്തിലെ ചന്ദനക്കടത്ത്, നായാട്ടുസംഘങ്ങളുടെ കണ്ണിലെ കരടാണ്. നഷ്ടപ്പെട്ടുപോയ 7500 ഏക്കറിലധികം വനഭൂമിയാണ് ധനേഷ്‌കുമാറിന്റെ ഇടപെടലിലൂടെ കേരളത്തില്‍ വനംവകുപ്പ് തിരികെപ്പിടിച്ചത്. നാലായിരത്തോളം ഏക്കര്‍ വനഭൂമി പിടിച്ചെടുക്കല്‍നടപടികള്‍ പുരോഗമിക്കുകയാണ്.

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളും സ്വകാര്യവനഭൂമികളുമാണ് നെന്മാറ ഡി.എഫ്.ഒ. ആയിരിക്കേ ധനേഷ് ഇടപെട്ട് പിടിച്ചെടുത്തത്. ഇതിന് 2011-ല്‍ സര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് എന്‍ട്രിയും 2012-ല്‍ സാങ്ച്വറി ഏഷ്യ പുരസ്‌കാരവും ലഭിച്ചു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുരസ്‌കാരവും അദ്ദേഹം നേടി.

മറയൂര്‍, കണ്ണവം, ചാലക്കുടി, തുടങ്ങിയസ്ഥലങ്ങളില്‍ വനം കൊള്ളക്കാര്‍ക്കും വേട്ടക്കാര്‍ക്കുമെതിരായ നടപടികള്‍ ഏറെശ്രദ്ധനേടി. നെല്ലിയാമ്പതിയിലെ ആനവേട്ട, അട്ടപ്പാടിയിലെ കഞ്ചാവുമാഫിയ, വയനാട്ടിലെ കടുവവേട്ട സംഘങ്ങളെ പിടികൂടി. മറയൂര്‍ റെയ്ഞ്ച് ഓഫീസറായിരിക്കെ ചന്ദനക്കൊള്ള പിടികൂടിയതിന് 2006-ല്‍ സര്‍ക്കാര്‍ സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു. ചാലക്കുടിയില്‍ അന്തഃസംസ്ഥാനവേട്ടക്കാരെ പിടിച്ചതിന് ദേശീയ ടൈഗര്‍പ്രൊട്ടക്ഷന്‍ അവാര്‍ഡ് നേടി.

2000-ത്തില്‍ കണ്ണൂര്‍ കണ്ണവം റെയ്ഞ്ച് ഓഫീസറായിരിക്കെ മരംമുറി തടയാന്‍ നടപടിയെടുത്തതോടെ കിട്ടിയ സ്ഥലമാറ്റമുള്‍പ്പെടെ വനംമാഫിയകളുടെ ഇടപെടലുകളെത്തുടര്‍ന്ന് പത്തുവര്‍ഷത്തിനിടെ എട്ടു സ്ഥലംമാറ്റവും ധനേഷ്‌കുമാറിന് കിട്ടി. ഫ്‌ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. ആയിരിക്കേയാണ് വയനാട്ടില്‍ ഈട്ടിമരംകൊള്ള തടയാന്‍ നടപടിയെടുത്തത്. ധനേഷ്‌കുമാറിനോടുള്ള ആദരസൂചകമായാണ് പശ്ചിമഘട്ടത്തിലെ സസ്യങ്ങള്‍ക്ക് സിസിജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിങ്ങനെ പേരിട്ടത്.