പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്ത പി.സി. ജോർജിനെ മൊഴിയെടുക്കാനായി കൊണ്ടുപോകുമ്പോൾ ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ കൈ കൊടുക്കുന്നു. ഷോൺ ജോർജ്,പി.കെ. കൃഷ്ണദാസ് എന്നിവർ സമീപം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന പരാതിക്ക് പിന്നാലെ പി.സി. ജോര്‍ജിന്റെ അറസ്റ്റുകൂടി വന്നതോടെ, രണ്ട് സംഭവങ്ങളും രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങി. പ്രത്യേകിച്ചും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്ക്കുന്ന പശ്ചാത്തലത്തില്‍.
കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന് അതിജീവിത പറഞ്ഞത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. നടിക്ക് പിന്തുണയുമായി സാറാ ജോസഫും കെ. അജിതയുമൊക്കെ രംഗത്തുവന്നതോടെ പ്രതിപക്ഷ വിമര്‍ശനമെന്ന നിലയില്‍ തള്ളാനാകാത്ത സ്ഥിതിയുണ്ടാക്കി. നടിയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യശക്തികളാണെന്ന ആക്ഷേപത്തില്‍നിന്ന് മാറി മുഖ്യമന്ത്രിയുമായി നടിയുടെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്നതിലേക്ക് ഭരണപക്ഷ നിലപാട് മാറി.
ലവ് ജിഹാദ് ആരോപണങ്ങളും ആലപ്പുഴയിലെ മുദ്രാവാക്യം വിളിയും ജോര്‍ജിന്റെ ആവര്‍ത്തിച്ചുള്ള വിദ്വേഷ പരാമര്‍ശങ്ങളും വിവിധ മത വിഭാഗങ്ങളുടെ അകല്‍ച്ചയുടെ ആഴം ബോധ്യപ്പെടുത്തുന്നതാണ്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ അകന്നപ്പോള്‍ തങ്ങള്‍ മുമ്പ് പറഞ്ഞിരുന്നത് ശരിവെക്കപ്പെടുന്നതായി ബി.ജെ.പി. വ്യാഖ്യാനിച്ചു. ജോര്‍ജിന്റെ അറസ്റ്റ്കൂടി വന്നപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള വഴിയായാണ് ബി.ജെ.പി. ഈ സംഭവങ്ങളെ കാണുന്നത്.
ന്യൂനപക്ഷ സംരക്ഷണത്തിന് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്ന എല്‍.ഡി.എഫിന് ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തില്‍ നടപടി ഒഴിവാക്കാനാകില്ല. തിരുവനന്തപുരം പ്രസംഗത്തെ തുടര്‍ന്നുള്ള കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ ഒത്തുകളിയെന്ന ആക്ഷേപം ഉയര്‍ന്നു.
ജോര്‍ജ് വീര്യം കൂട്ടിയുള്ള ഡയലോഗുമായി എത്തിയപ്പോള്‍ ജാമ്യം റദ്ദാക്കാനുള്ള വഴിയിലേക്ക് എളുപ്പത്തില്‍ നീങ്ങാനായി. ഒപ്പം എല്ലാത്തരം വര്‍ഗീയതയെയും എതിര്‍ക്കുന്നുവെന്ന നിലപാട് പ്രഖ്യാപിച്ച് എല്ലാ വിഭാഗങ്ങളുടെയും വിശ്വാസംനേടാനും ശ്രമിക്കുന്നു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയായാണ് യു.ഡി.എഫ്. ഈ സംഭവങ്ങളെ കാണുന്നത്. ആലപ്പുഴയിലെ മുദ്രാവാക്യത്തെ അപലപിച്ച പ്രതിപക്ഷനേതാവ്, ജോര്‍ജിന്റെ നീക്കങ്ങള്‍ സി.പി.എമ്മുമായുള്ള ഒത്തുകളിയാണെന്നും വിമര്‍ശിക്കുന്നു. ജോര്‍ജിന്റെ ഒളിവില്‍ പോക്കും വെണ്ണലയിലേക്കുള്ള വരവും മറ്റും ചൂണ്ടികാട്ടിയാണ് വിമര്‍ശം.
ജാമ്യവ്യവസ്ഥകള്‍ ദുരുദ്ദേശ്യത്തോടെ ലംഘിച്ചെന്ന് കോടതി
തിരുവനന്തപുരം: ജാമ്യവ്യവസ്ഥകള്‍ ബോധപൂര്‍വം ദുരുദ്ദേശ്യത്തോടെ ലംഘിച്ച പി.സി. ജോര്‍ജ് ഒരു മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതായി തെളിഞ്ഞെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. അനീസയുടെ ഉത്തരവില്‍ പറയുന്നു. ഇത് തിരുവനന്തപുരത്ത് വിദ്വേഷപ്രസംഗം നടത്തിയെന്ന കേസിലെ ജാമ്യവ്യവസ്ഥയുടെ ലംഘനമായി കോടതി വിലയിരുത്തി.
വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ ജോര്‍ജിന്റെ പ്രസ്താവന ഒരു മതവിഭാഗത്തെ രൂക്ഷമായി അധിക്ഷേപിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
എന്നാല്‍, പ്രോസിക്യൂട്ടറെ കേള്‍ക്കാതെ നല്കിയ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ വാദത്തിന് കഴമ്പില്ലെന്ന് ഉത്തരവില്‍ പറയുന്നു.
സ്വകാര്യ യൂട്യൂബ് ചാനലിന്റെ ദൃശ്യങ്ങളാണ് പോലീസ് ഹാജരാക്കിയതെന്നും ഇതില്‍ കൃത്രിമം നടക്കാന്‍ ഇടയുണ്ടെന്നുമുള്ള ജോര്‍ജിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇതുവരെ വര്‍ഗീയകലാപം ഉണ്ടാകാതെ പോലീസ് നോക്കി. ഇനി കോടതി ഇടപെട്ട് ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്ത ആളാണ് പി.സി. ജോര്‍ജെന്ന സര്‍ക്കാര്‍ വാദവും കോടതി പരിഗണിച്ചു. സര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സുജകുമാരി ഹാജരായി.
കേരളത്തില്‍ ഇരട്ടനീതി -കെ. സുരേന്ദ്രന്
കൊച്ചി: ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കാലപുരിക്ക് അയക്കുമെന്നുപറഞ്ഞ് പരസ്യമായി പ്രകടനം നടത്തിയവര്‍ക്കെതിരേ കേസെടുക്കാതെ പി.സി. ജോര്‍ജിനെ വേട്ടയാടുന്നത് ഇരട്ടനീതിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പി.സി. ജോര്‍ജിനെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചുകുട്ടിയെക്കൊണ്ട് മതവിദ്വേഷം പ്രചരിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരു നീതിയും തീവ്രവാദികള്‍ക്ക് മറ്റൊരുനീതിയുമെന്നതാണ് കേരളത്തിലെ അവസ്ഥ.
പി.സി.യെ പിണറായി വിജയന് വേട്ടയാടുന്നത് തൃക്കാക്കരയിലെ 20 ശതമാനം വോട്ടിനുവേണ്ടിയാണ്. യു.ഡി.എഫും അതിന് കൂട്ടുനില്‍ക്കുകയാണ് -കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.
എന്തും പറയാവുന്ന നാടല്ല കേരളം- മുഖ്യമന്ത്രി
കേരളത്തില്‍ എന്തും പറയാമെന്ന് ആരും കരുതേണ്ട. മതനിരപേക്ഷ നിലപാടിന് വിരുദ്ധമായതൊന്നും ഇവിടെ അനുവദിക്കില്ല. ബി.ജെ.പി. പിന്തുണയോടെ വിദ്വേഷപ്രസംഗം നടത്തി മതസ്പര്‍ധയുണ്ടാക്കാനാണ് പി.സി. ജോര്‍ജ് ശ്രമിച്ചത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രസംഗം പാടില്ലെന്ന് കോടതി ജോര്‍ജിനോടു പറഞ്ഞതാണ്. വെട്ടാന്‍വരുന്ന പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ലല്ലോ. അയാള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു. വര്‍ഗീയശക്തികള്‍ക്കെതിരേ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ 10 വയസ്സുള്ള കുട്ടിയെക്കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെല്ലാം ഒരുപോലെ നാടിന് ആപത്താണ്. വര്‍ഗീയശക്തികള്‍ക്കെതിരേ ഒരു വിട്ടുവീഴ്ചയും സ്വീകരിക്കില്ല - പിണറായി വിജയന്, മുഖ്യമന്ത്രി
പറഞ്ഞത് സത്യം-പി.സി.ജോര്‍ജ്
പറഞ്ഞതെല്ലാം സത്യമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. രക്തസമ്മര്ദമുയര്ന്നതിനെത്തുടര്ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തി. തിരുവനന്തപുരത്തേക്ക് മകന് ഷോണ്‍ ജോര്‍ജ് മറ്റൊരു വാഹനത്തില്‍ അനുഗമിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..