തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നിലപാടെടുക്കുമെന്ന് സ്വതന്ത്ര എംഎല്‍എ ആയ പി.സി.ജോര്‍ജ്. കൂട്ടുത്തരവാദിത്വം നഷ്ടമായ സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല. അതിനാലാണ്‌ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. 

ഭരണാധികാരികള്‍ ദുഷിച്ചാല്‍ പ്രകൃതി കോപിക്കുമെന്നാണ്. പ്രകൃതികോപങ്ങള്‍ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പി.സി ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

സംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ല. കുട്ടിസഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം ഈ നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിയട്ടെ. അതിന് ശേഷമെ വോട്ട് ചെയ്യുകയുള്ളു. അല്ലെങ്കില്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യും. 
- പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് മുന്നണികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കാത്തതിനാല്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: P C George ,No confidence motion