തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റല്‍ കാന്റീന്‍ ജീവനക്കാരനെ പി.സി ജോര്‍ജ് എംഎല്‍എ മര്‍ദിച്ചതായി പരാതി. എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനു(22) വിനാണ് മര്‍ദനമേറ്റത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഊണ് എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ പി.സി ജോര്‍ജ് മുഖത്ത് അടിച്ചു എന്നാണ് പരാതി. ജീവനക്കാരന്റെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. പിസി ജോര്‍ജും സഹായിയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് മനു പറഞ്ഞു.

ഫോണില്‍ ആവശ്യപ്പെട്ട പ്രകാരം മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ 20 മിനിറ്റോളം വൈകി. തിരക്കുമൂലമാണ് സമയത്ത് ഭക്ഷണമെത്തിക്കാന്‍ കഴിയാതിരുന്നത്. ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്തവിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. വനിതാ ജീവനക്കാരിയെ ചീത്തപറഞ്ഞതായും പരാതിയുണ്ട്.

ജീവനക്കാരന്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. നിയമസഭാ സെക്രട്ടറിയേറ്റിന് പരാതി നല്‍കുമെന്നും മനു പറഞ്ഞു. 

എന്നാല്‍, ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ജീവനക്കാരന്‍ തന്നോട് മോശമായി പെരുമാറി. 40 മിനിറ്റ് വൈകിയാണ് ചോറ് കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.