'കോടിയേരി എന്ന പേര്, ആ വ്യക്തിത്വം, പക്വമായ ആ നേതൃത്വം...'; അനുസ്മരിച്ച് മുഹമ്മദ് റിയാസ് 


Kodiyeri Balakrishnan | Photo: Mathrubhumi

കോഴിക്കോട്: മികച്ച സംഘാടകന്‍, പ്രഭാഷകന്‍, ഭരണാധികാരി... കോടിയേരി ബാലകൃഷ്ണനെ വിശേഷിപ്പിക്കാന്‍ വാക്കുകളേറെയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മികച്ച സംഘാടകന് മികച്ച പാര്‍ലമെന്റേറിയനാകുക വളരെ എളുപ്പമാണ്. പക്ഷേ, മികച്ച പാര്‍ലമെന്റേറിയന് തന്റെ പ്രസ്ഥാനത്തെ വളര്‍ത്തുവാന്‍ സഹായിക്കുന്നനിലയില്‍ ഒരു സംഘാടകനാകുക അത്രത്തോളം എളുപ്പമായെന്നുവരില്ല. സംഘടനയെ നല്ല നിലയില്‍ മുന്നോട്ടുനയിക്കാന്‍ സാധിച്ചവര്‍ വളരെ പെട്ടെന്ന് ജനങ്ങള്‍ അംഗീകരിക്കുന്ന മികച്ച ഭരണാധികാരികള്‍കൂടി ആയതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. അവരിലൊരാളാണ് സഖാവ് കോടിയേരി ബാലകൃഷ്ണനെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്'കോടിയേരി''.... ഒരു നാടിന്റെ പേരായിരുന്നു... കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഒരു ഗ്രാമത്തിന്റെ പേര്. ഇപ്പോഴത്, മനുഷ്യനന്മയ്ക്കുവേണ്ടി ഒത്തുകൂടുന്ന സംഘടന-രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരായ മനുഷ്യരുമൊക്കെ പിന്തുടരുന്ന ഒരു പേരുകൂടിയാണ്. കോടിയേരി ബാലകൃഷ്ണന്‍ എന്ന വ്യക്തിത്വം തന്റെ നാടിന്റെ പേരിനെ അങ്ങനെകൂടി ആക്കിത്തീര്‍ക്കുകയായിരുന്നു.

സഖാവിനോട് ഒരുകാര്യം പോയി പറഞ്ഞാല്‍ അതേപ്പറ്റി അദ്ദേഹത്തിന് നമ്മളേക്കാള്‍ ആഴത്തില്‍ അറിവുണ്ടായിരിക്കും; എന്നാലും പുതിയ ഒരു വാര്‍ത്ത കേള്‍ക്കുന്നതുപോലെ സഖാവ് അതുകേള്‍ക്കും, ചില സംശയങ്ങള്‍ നമ്മളോടു ചോദിക്കും. മറുപടിയായി പുഞ്ചിരിയില്‍ പൊതിഞ്ഞ രണ്ടോമൂന്നോ വാക്കുകള്‍... അദ്ദേഹത്തെ ചെന്നു കാണുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകും.

അദ്ദേഹവുമായി അടുത്തിടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാകുമ്പോഴും സംസ്ഥാന കേന്ദ്രത്തിലും അഖിലേന്ത്യാതലത്തിലും പ്രവര്‍ത്തിക്കുമ്പോഴുമൊക്കെയുള്ള ഒരുപാടനുഭവങ്ങള്‍, സംഘടനാപരവും വ്യക്തിപരവുമായ അനവധി ഇടപഴകലുകള്‍.... സംഘടനാതലത്തില്‍ അദ്ദേഹം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നും ഞങ്ങള്‍ക്കു കരുത്തായിരുന്നു.

മികച്ച സംഘാടകന്‍, പ്രഭാഷകന്‍, ഭരണാധികാരി... കോടിയേരി ബാലകൃഷ്ണനെ വിശേഷിപ്പിക്കാന്‍ വാക്കുകളേറെയാണ്. മികച്ച സംഘാടകന് മികച്ച പാര്‍ലമെന്റേറിയനാകുക വളരെ എളുപ്പമാണ്. പക്ഷേ, മികച്ച പാര്‍ലമെന്റേറിയന് തന്റെ പ്രസ്ഥാനത്തെ വളര്‍ത്തുവാന്‍ സഹായിക്കുന്നനിലയില്‍ ഒരു സംഘാടകനാകുക അത്രത്തോളം എളുപ്പമായെന്നുവരില്ല. സംഘടനയെ നല്ല നിലയില്‍ മുന്നോട്ടുനയിക്കാന്‍ സാധിച്ചവര്‍ വളരെ പെട്ടെന്ന് ജനങ്ങള്‍ അംഗീകരിക്കുന്ന മികച്ച ഭരണാധികാരികള്‍കൂടി ആയതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. അവരിലൊരാളാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തിലെ ഓരോ കേഡറിനേയും കുറിച്ച് അദ്ദേഹത്തിനുള്ള ധാരണ അപാരമാണ്. ഏതൊരു രാഷ്ട്രീയനേതാവിനും പിന്തുടരാവുന്ന മാതൃകയാണത്. ചരിത്രത്തിലാദ്യമായി ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന്റെ പല കാരണങ്ങളില്‍ മുഖ്യമായ ഒന്ന് പാര്‍ട്ടിയ്ക്കും സര്‍ക്കാരിനുമിടയിലുള്ള അദ്ദേഹത്തിന്റെ മികച്ച ഏകോപനമായിരുന്നു. പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കുകവഴി പാര്‍ട്ടി ഉദ്ദേശിച്ചത് സര്‍ക്കാരും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പാര്‍ട്ടിയും ഭംഗിയായി നടപ്പിലാക്കിയ കാലഘട്ടമാണ് 2016-2021.

സര്‍ക്കാരിനെ നയിക്കുന്ന പിണറായിയും പാര്‍ട്ടിയെ നയിക്കുന്ന കോടിയേരിയും ഒരു ഹൈ-കോംപിനേഷനായിരുന്നു. പത്രസമ്മേളനങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകനും പഠിക്കാവുന്ന പാഠപുസ്തകമാണ്. അവസാന പത്രസമ്മേളനത്തില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഹൃദയംപൊട്ടിയെ ഒരുപാടു പേരുണ്ടായിരുന്നു. പക്ഷേ, അവിടെയും അദ്ദേഹം പുലര്‍ത്തിയ സമചിത്തത സമാനതകളില്ലാത്തതാണ്.

ഒരു സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടുവന്ന ചോദ്യത്തിന് അദ്ദേഹം എന്റെ പേരുകൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അന്ന് മറുപടി പറഞ്ഞത്. ഞാന്‍ നേരത്തേ ആ വിഷയത്തില്‍ നടത്തിയ പ്രതികരണത്തെ പിന്തുണച്ചുകൊണ്ടായിരുന്നു അത്. അതിനുശേഷം അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, വിവാദത്തിലേക്കു വഴുതിവീഴാമായിരുന്ന ആ വിഷയത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണങ്ങളും അതേപ്പറ്റി മനസ്സിലാക്കി നടത്തിയ പ്രതികരണങ്ങളുമെല്ലാം എന്നെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു.

മന്ത്രിയായി ചുമതലയേറ്റശേഷം പലകാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു. 2006ലെ സര്‍ക്കാരില്‍ ടൂറിസം മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്നു. ടൂറിസത്തെപ്പറ്റി അദ്ദേഹത്തിന് നല്ല കാഴ്ചപ്പാടുണ്ടായിരുന്നു. ഈ സര്‍ക്കാരില്‍ ടൂറിസം വകുപ്പിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ആ കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വകുപ്പിനും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്കും മുതല്‍ക്കൂട്ടാകാന്‍ പര്യാപ്തമാണെന്നത് മനസ്സിലാക്കാനായി.

കോടിയേരി ബാലകൃഷ്ണന്‍ എന്ന പേര്, ആ വ്യക്തിത്വം, പക്വമായ ആ നേതൃത്വം... പാര്‍ട്ടിയുടെ മുന്നോട്ടുള്ള പാതയില്‍ ഞങ്ങള്‍ക്കൊക്കെ കരുത്തായും ഊര്‍ജ്ജമായും അതെന്നുമുണ്ടാകും. എഴുതാനേറെയുണ്ട്. ഇപ്പോള്‍ അതു മുഴുവനും എഴുതാനാകുന്ന അവസ്ഥയിലല്ല. മറ്റൊരവസരത്തില്‍ എഴുതാം, വിശദമായിത്തന്നെ, സഖാവിനെപ്പറ്റി.
ലാല്‍സലാം സഖാവേ...


Content Highlights: P A Muhammad Riyas commemorates the demise of Kodiyeri Balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented