കാസര്‍കോട്:  ജില്ലയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. മൂന്നുദിവസമായി മംഗളൂരുവില്‍ നിന്നുളള ഓക്‌സിജന്‍ വിതരണം മുടങ്ങി. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അടക്കം പ്രതിസന്ധി രൂക്ഷമാണ്. 

നഗരത്തിലെ രണ്ടു ആശുപത്രികളില്‍ രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങിപ്പോകേണ്ട സാഹചര്യം വരെയുണ്ടായി. പ്രതിസന്ധി രൂക്ഷമായതോടെ അടിയന്തരമായ ഇടപെടല്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് അടിയന്തരമായി 15 സിലിണ്ടറുകള്‍ എത്തിക്കുന്നതിനുളള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. 

കാസര്‍കോട് ജില്ലയ്ക്ക് ഓക്‌സിജന്‍ അനുവദിക്കുന്നതില്‍ സംസ്ഥാന വാര്‍റൂമില്‍ നിന്ന് നടപടിയുണ്ടാകണമെന്നും കാസര്‍കോട്ടെ ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

മംഗളുരുവില്‍ നിന്ന് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണമെന്നും കര്‍ണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.അറിയിച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ കൂടുതല്‍ രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യമുണ്ടാകും. അതിനാല്‍ അടിയന്തരമായി മുഖ്യമന്ത്രി ഇക്കാര്യത്തിലിടപെട്ട് തീരുമാനമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.