കൊന്നത് 11,000 താറാവുകളെ; ഇനി കൊല്ലാനുള്ളത് 20,000 എണ്ണം; എരിഞ്ഞത് പ്രതീക്ഷകളും...


ജില്ലയിൽ ഇതുവരെ 11,268 താറാവുകളെ നശിപ്പിച്ചു

പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് കോട്ടയം അയ്മനം കല്ലുങ്കത്തറ പാടശേഖരത്തിൽ താറാവുകളെ കൊല്ലാനായി പിടിക്കുന്നു

കോട്ടയം: പക്ഷിപ്പനി ഭീതിയിലായ കോട്ടയം ജില്ലയിൽ 11268 താറാവുകളെ നശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് നശിപ്പിക്കുന്നത്. കല്ലറ പഞ്ചായത്തിൽ 1681, വെച്ചൂരിൽ 3900, അയ്മനത്ത് 5623 എന്നിങ്ങനെയാണ് താറാവുകളെ കൊന്നത്. നടപടി വ്യാഴാഴ്ചയും തുടരും.

മൃഗസംരക്ഷണവകുപ്പിന്റെ 10 ദ്രുതകർമസേന സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു നടപടി. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, മൂന്നു സഹായികൾ എന്നിവർ ഉൾപ്പെട്ടതാണ് ഒരുസംഘം. മൊത്തം 32,000 താറാവുകളെ കൊല്ലേണ്ടിവരുമെന്നാണ് കണക്ക്.

ബുധനാഴ്ചയാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി താറാവുകൾ കൂട്ടത്തോടെ ചാകുന്നുണ്ടായിരുന്നു. സ്രവപരിശോധനയുടെ ഫലംവന്നതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്.

ഇറച്ചിയും മുട്ടയും വേവിച്ച് കഴിക്കാം; എന്നിട്ടും വിപണിയിൽ ആശങ്ക

പക്ഷിപ്പനി ഭീതിയിലായ കോട്ടയം ജില്ലയിൽ 11268 താറാവുകളെ നശിപ്പിച്ചതോടെ പ്രതീക്ഷ നഷ്ടമായി ഇറച്ചി, മുട്ടവിപണി. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തെങ്കിലും താറാവിന്റെ ഇറച്ചിയും മുട്ടയും കഴിക്കുന്നത് ആരോഗ്യവകുപ്പ് വിലക്കിയിട്ടില്ല. തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും വേവിച്ച് കഴിക്കുന്നതിൽ അപകടമില്ലന്നും വെറ്ററിനറി വകുപ്പും വ്യക്തമാക്കി. പക്ഷേ, താറാവുകൾ കൂട്ടത്തോടെ ചത്തത് മറ്റ് താറാവ് കൃഷിക്കാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. കുമരകം, വെച്ചൂർ എന്നിവിടങ്ങളിൽനിന്നുള്ള സാമ്പിളുകളുടെ ഫലം വന്നിട്ടുമില്ല. കഴിഞ്ഞ വർഷവും ജില്ലയിൽ പക്ഷിപ്പനി അപകടം വിതച്ചിരുന്നു.

ആദ്യംഫലം വന്നതുപ്രകാരം 20000 താറാവുകളെ ഇനിയും കൊല്ലേണ്ടതുണ്ട്. കല്ലറയിൽ വെന്തകരി കിഴക്കേച്ചിറയിൽ 38 ദിവസം പ്രായമായ 1681 താറാവുകളെയാണ് നശിപ്പിച്ചത്. രമണൻ എന്ന കർഷകന്റേതാണ് താറാവ്. ഇവിടെ നടപടികൾ പൂർത്തിയായി. വെച്ചൂരിൽ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത്‌ മൂന്നരമാസം പ്രായമായ 3900 താറാവുകളെ നശിപ്പിച്ചു. ഹംസ എന്ന കർഷകന്റേതാണിത്. ഇവിടെ വ്യാഴാഴ്ചയും പക്ഷികളെ നശിപ്പിക്കും. അയ്മനത്ത് വാർഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശത്തെ 5623 താറാവുകളെയും 42 ദിവസം പ്രായമായ 64 താറാവുകളെയുമാണ് നശിപ്പിച്ചത്. വിദ്യാനാഥൻ, രഘു, സജിമോൻ, സുദർശൻ, അനീഷ് എന്നിവരുടെതാണ് താറാവ്. അയ്മനത്തും വെച്ചൂരിലും രാത്രി വൈകിയും ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ നശീകരണജോലികൾ തുടർന്നു.

കല്ലറ- രണ്ട്, വെച്ചൂർ- അഞ്ച്, അയ്മനം-മൂന്ന് എന്നിങ്ങനെയാണ് ദൗത്യസംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തി. രാത്രിയിലെ നശീകരണ പ്രവർത്തനങ്ങൾക്കായി അഗ്നിരക്ഷാസേന അസ്‌കാ ലൈറ്റ് അടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കർഷകർക്കും നശീകരണ ജോലിയിലുള്ളവർക്കും പ്രതിരോധ മരുന്നുകൾനൽകി.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ടി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, വൈക്കം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ഗാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ജോണി തോട്ടുങ്കൽ(കല്ലറ), കെ.ആർ. ഷൈലകുമാർ(വെച്ചൂർ), സബിത പ്രേംജി (അയ്മനം), വൈസ് പ്രസിഡന്റ് മനോജ് കരീമഠം എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. പക്ഷിപ്പനിമൂലം താറാവ് ഇറച്ചിയുടെ വിലയിടിഞ്ഞൂവെന്ന് മാത്രമല്ല കച്ചവടം നിലച്ച അവസ്ഥയിലാണ്. മുട്ടയുടെ വില്പനയും കുറഞ്ഞു.

താറാവിനൊപ്പം എരിഞ്ഞത് പ്രതീക്ഷകളും...

- സുജിത്ത് ബാലകൃഷ്ണൻ

kottayam bird flu
പക്ഷിപ്പനിമൂലം താറാവുകളെ കൊന്ന് ചിതയൊരുക്കി സംസ്‌കരിക്കുമ്പോൾ വിതുമ്പലോടെ നിൽക്കുന്ന കല്ലറ മുണ്ടാർ പുത്തൻതറ രമണൻ

പൊന്നോമനകളായ താറാവിൻ കൂട്ടത്തെ ചാരമാക്കി മാറ്റുമ്പോൾ രമണന്റെ മുഖത്ത് കണ്ണുനീർ പൊടിഞ്ഞു. അദ്ദേഹത്തിന് പറയാനുള്ളത് ജീവിതം കരുപ്പിടിപ്പിക്കുമ്പോൾ വഴിയിൽ ഇടറി വീഴുന്ന ബാധ്യതക്കാരന്റെ സങ്കടങ്ങൾ.

15-ാം വയസ്സിലാണ് 67-കാരനായ കല്ലറ മുണ്ടാർ പുത്തൻതറ രമണൻ താറാവ് കൃഷിയിലേക്ക് തിരിഞ്ഞത്. താറാവുകളെ നോക്കാനുംമറ്റുമായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന രമണൻ പിന്നീടിത് ഉപജീവനമാർഗമായി തിരഞ്ഞെടുത്തു. രമണനൊപ്പം താറാവുകളുടെ പരിചരണത്തിൽ ഭാര്യ തങ്കമ്മയും മക്കളായ റജി, ബിജു, ബിനീഷ്, മനീഷ്, ബിനീത എന്നിവരും എല്ലാക്കാലത്തും ഉണ്ടായിരുന്നു. പക്ഷിപ്പനിയുടെ രൂപത്തിൽ താറാവുകൃഷിയിലുണ്ടായ നഷ്ടവും തകർച്ചയും രമണനെയും കുടുംബത്തെയും വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിയിട്ടത്.

ചങ്ങനാശ്ശേരിയിലെ ഹാച്ചറിയിൽനിന്ന് ഓക്ടോബർ 16-നാണ് 7600 താറാവിൻകുഞ്ഞുങ്ങളെ വാങ്ങിയത്. രണ്ട് ചെമ്പിൽ അരി വേവിച്ച് ചോറാക്കി ദിവസവും മൂന്നുനേരം നൽകും. കക്കായിറച്ചിയും ഊപ്പ(ചെറിയ ഉണങ്ങിയ മത്സ്യം) വേവിച്ച് കൊടുത്താണ് ഇവയെ വളർത്തിയത്. 59-ാം ദിവസം പക്ഷിപ്പനിയെന്ന് സ്ഥിരീകരിക്കുമ്പോഴും രമണൻ താറാവുകൾക്ക് ഭക്ഷണം നൽകുകയായിരുന്നു. ദ്രുതകർമസേന 60-ാം നാൾ താറാവുകളെ കൊല്ലാനെത്തി.

ഡിസംബർ അഞ്ചുമുതലാണ് രമണൻ വളർത്തിയിരുന്ന താറാവുകൾ ചത്തുതുടങ്ങിയത്. 7600 താറാവുകൾ ഉണ്ടായിരുന്നതിൽ മൂന്ന് ദിവസം കൊണ്ടുതന്നെ 5500 എണ്ണവും ചത്തു. പിന്നീടും മരണം തുടർന്നു. കല്ലറ വെറ്ററിനറി ആശുപത്രിയിലെ മെഡിക്കൽ സംഘം സ്ഥലം സന്ദർശിച്ചു. സാമ്പിൾ ശേഖരിച്ച സംഘം പക്ഷിപ്പനിയാണോയെന്ന പരിശോധനയ്ക്കായി ഇത് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിലേക്ക് അയച്ചു. ഇതിന്റെ ഫലം ചൊവ്വാഴ്ചയാണ് വന്നത്.

താറാവ് ഒന്നിന് 28 രൂപയ്ക്കാണ് ചങ്ങനാശ്ശേരിയിൽനിന്ന്‌ വാങ്ങിയത്. 60 ദിവസം പ്രായമാകുമ്പോൾ 89 രൂപ വീതം ഓരോ താറാവിനും ചെലവായി. ഏകദേശം എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 40 ദിവസംകൂടി വളർന്നിരുന്നെങ്കിൽ ഒന്നിന് 250 രൂപ വിലയ്ക്ക് ഇവയെ വിൽക്കാമായിരുന്നു. കല്ലറ സഹകരണ ബാങ്കിൽനിന്നും സ്വകാര്യ ബാങ്കുകളിൽനിന്നും ലക്ഷങ്ങൾ വായ്പയെടുത്താണ് രമണൻ താറാവ് കൃഷി നടത്തിക്കൊണ്ടിരുന്നത്.

Content Highlights: Over 32000 ducks are to be killed in Kottayam on bird flu scare

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented