മലപ്പുറം: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട് തങ്ങളുടെ വസതിയിലെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തിയത്‌.

മെത്രാപ്പൊലീത്തമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ് തുടങ്ങിയവരാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയിട്ടുള്ളത്. കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്.

മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഭാഗങ്ങളില്‍നിന്ന് ശ്രമങ്ങളുണ്ട്. അങ്ങനെയില്ലെന്നു  വ്യക്തമാക്കാന്‍ കൂടിയാണ് തങ്ങളുടെ സന്ദര്‍ശനമെന്ന് സഭാ പ്രതിനിധകള്‍ പറഞ്ഞു. സഭാ മേലധ്യക്ഷന്റെ സന്ദേശം കൈമാറാനുമാണ് തങ്ങള്‍ വന്നതെന്നും പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സഭാ നേതൃത്വുമായി അടുപ്പം സൃഷ്ടിക്കാന്‍ ലീഗ്-യുഡിഎഫ് നേതാക്കള്‍ വലിയ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധം ശക്തപ്പെടുത്താനുള്ള യുഡിഎഫ് ശ്രമങ്ങള്‍ക്കിടെയാണ് സഭാ നേതൃത്വം പാണക്കാട്ട് എത്തിയത് എന്നതും ശ്രദ്ധേയമാണ്.

കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് പാണക്കാടെത്തി ലീഗ് നേതാക്കളെ കാണുകയുണ്ടായി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പാണക്കാടെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തിനെതിരെ വലിയ വിമര്‍ശനമാണ് സിപിഎം ഉയര്‍ത്തിയിരുന്നത്. ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയും സന്ദര്‍ശനം മതമൗലികവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന. ഇതിനുള്ള മറുപടി കൂടിയായിട്ടാണ് സഭാ നേതൃത്വത്തിന്റെ പാണക്കാട് സന്ദര്‍ശനമെന്നും വിലയിരുത്തപ്പെടുന്നു.

മുസ്ലീംലീഗ് നേതൃത്വം തന്നെയാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയതെന്നും സൂചനയുണ്ട്. 

Content Highlights: Orthodox sabha leadership visit Panakkad-Meeting with the League leadership