സുപ്രീം കോടതി | Photo: Mathrubhumi
ന്യൂഡല്‍ഹി: മലങ്കര സഭാതര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന ഹൈക്കോടതിയുടെ വാക്കാലുള്ള നിര്‍ദേശത്തില്‍ നടപടി സ്വീകരിച്ചു വരുന്നതായി കേരളം. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വേണ്ടി സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ കേസിലാണ് സ്റ്റാന്റിംഗ് കോണ്‍സല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. പൊതു താത്പര്യം കണക്കിലെടുത്ത് സഭാതര്‍ക്കം പരിഹരിക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരുവിഭാഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതതല യോഗം വിളിച്ചുചേര്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഉന്നതതല യോഗത്തില്‍ അഭിപ്രായ സമവായം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ട് സ്വീകരിക്കരുതെന്ന് ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി.യു സിങും അഭിഭാഷകന്‍ ഇ.എം.എസ് അനാമും കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി വാക്കാല്‍ പറഞ്ഞ ചില നിരീക്ഷണങ്ങളാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും, അതൊന്നും അന്തിമ വിധികളില്‍ ഇല്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് സത്യവാങ്മൂലമായി ഫയല്‍ ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നാല് ആഴ്ചത്തേക്ക് മാറ്റി.
യാക്കോബായ സഭാ അംഗങ്ങള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ വി ഗിരി, സഞ്ജയ് പരേഖ്, അഭിഭാഷാകരായ അഡോള്‍ഫ് മാത്യൂ, സനന്ദ് രാമകൃഷ്ണന്‍ എന്നിവരാണ് ഹാജരായത്. കേസിലെ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ ചിലര്‍ക്ക് വേണ്ടി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ ഹാജരായി.
നിയമ നിര്‍മ്മാണത്തെ കുറിച്ച് മൗനം. നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമ ഉപദേശം തേടിയെന്ന് പരാമര്‍ശം.
മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതില്‍ നിയമം കൊണ്ട് വരുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഇന്ന് മൗനം പാലിച്ചു. എന്നാല്‍ തര്‍ക്ക പരിഹാരത്തിന് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ കമ്മീഷന്‍ തയ്യാറാക്കിയ കരട് ബില്ല് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമ ഉപദേശം തേടാന്‍ തീരുമാനിച്ചതായി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് യാക്കോബായ വിഭാഗത്തിന് നഷ്ടമായ പള്ളികള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത്തരം പള്ളികളില്‍ ഇടവക അംഗങ്ങളില്‍ മൂന്നില്‍ രണ്ടിലധികം യാക്കോബായ വിഭാഗക്കാര്‍ക്കാണെങ്കില്‍ അവര്‍ തിരഞ്ഞെടുക്കുന്ന വികാരിയുടെ നേതൃത്വത്തില്‍ ആരാധന നടത്താനുള്ള അവസരം ഒരുക്കുന്നതിനുള്ള സാധ്യത തേടണമെന്നും ഹൈക്കോടതി വാക്കാല്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീം കോടതി വിധി പ്രകാരം ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് പള്ളികളുടെ ഭരണം തുടരാന്‍ അനുവദിച്ചുകൊണ്ടാകണമിതെന്നും ഹൈക്കോടതി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്.
ഓര്‍ത്തോഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന ബില്ലില്‍ പള്ളി വികാരിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ഇടവകകാര്‍ക്ക് ഉറപ്പാക്കിയേക്കും എന്ന് മാതൃഭൂമി വാര്‍ത്ത സ്ഥിരീകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത് . 1934 ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരിക്കണം പള്ളികളുടെ ഭരണമെന്ന സുപ്രീം കോടതി വിധിക്കുള്ളില്‍ നിന്ന് കൊണ്ടാകും പുതിയ ബില്ല് കൊണ്ട് വരികെയെന്നാണ് സൂചന.
Content Highlights: orthodox jacobite dispute
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..