തൃശ്ശൂര്‍: മാന്ദാമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ച് പ്രാര്‍ഥന ആരംഭിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശനിയാഴ്ച രാവിലെ പ്രാര്‍ഥന തുടങ്ങിയത്. 

വര്‍ഷങ്ങളായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയാണിത്. കഴിഞ്ഞ ജനുവരിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് പള്ളി അടച്ചിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാനായത്. നേരത്തെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചാല്‍ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധമുണ്ടായേക്കുമെന്ന് കരുതി ശനിയാഴ്ച പോലീസ് പള്ളിപരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യാക്കോബായ വിശ്വാസികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ല. പ്രാര്‍ഥന തടസപ്പെടുത്തേണ്ടതില്ലെന്നാണ് യാക്കോബായ വിശ്വാസികളുടെ  തീരുമാനം. അതേസമയം, ഞായറാഴ്ച രാവിലെ യാക്കോബായ വിഭാഗം പ്രതിഷേധ റാലി സംഘടിപ്പിച്ചുണ്ട്.

Content Highlights: orthodox fraction enters into thrissur mannamangalam church