പത്തനംതിട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസാണ് സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇദ്ദേഹം നല്‍കിയ ജാമ്യാപേക്ഷയില്‍ യുവതി മുന്‍പ് തനിക്കെതിരെ ആരോപണം ഉന്നയിച്ചില്ലെന്നും യുവതി നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ ബലാംത്സഗം ചെയ്തതായി  പറയുന്നില്ലെന്നും പറയുന്നു. ഇത് കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം പരിഗണിക്കണമെന്നാണ് ജാമ്യാപേക്ഷയിലെ ആവശ്യം. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് പതിനാറാം വയസ്സില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കേസില്‍ രണ്ട് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

ഫാദര്‍ എബ്രഹാം വര്‍ഗീസ്, ജെയിസ് ജോര്‍ജ് എന്നിവര്‍ നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. മറ്റൊരു വൈദികന്‍ ജെയിസ് ജോര്‍ജ് തിങ്കളാഴ്ച തന്നെ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന. അതേ സമയം അറസ്റ്റിലാവാനുള്ള വൈദികരോടും എത്രയും പെട്ടെന്ന് കീഴടങ്ങാന്‍ ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടതായാണ് വിവരം. ഇവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്.  

പിടികിട്ടാനുള്ള വൈദികരില്‍ ജെയിസ് ജോര്‍ജ് ഡല്‍ഹിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാധ്യത കണക്കിലെടുത്ത് അതിന് മുന്‍പായി ഇവരെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് നീക്കം.കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘം  ഇവരുടെ വീടുകളില്‍ അന്വേഷണം നടത്തിയിരുന്നു. വിദേശത്തേക്ക് ഇവര്‍ കടന്നുകളയാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇവരുടെ പാസ്പോര്‍ട്ടും രേഖകളും പോലീസ് പിടിച്ചെടുത്തിരുന്നു.

content highlights: Orthodox church sexual abuse: One of the clergies approached the supreme court for anticipatory bail