'കണ്ണടച്ച് ഒപ്പിടില്ല, ഫയലിലുള്ളത് എന്താണെന്ന് അറിയണം'; സർക്കാരിനെ വെട്ടിലാക്കി ഗവർണർ


സർവകലാശാലാ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരാൻ ഒരുങ്ങിയതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: തിങ്കളാഴ്ച കാലാവധി അവസാനിക്കുന്ന ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓർഡിനൻസിലെ വിവരങ്ങൾ പരിശോധിക്കാൻ സമയം വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഡൽഹിയിലെത്തിയത്. എന്നാൽ എത്തിയതിന്റെ പിറ്റേദിവസം പതിമൂന്ന്, പതിനാല് ഫയലുകളാണ് ലഭിച്ചത്. നാല് ദിവസം കൊണ്ട് എങ്ങനെയാണ് ഇത്രയും ഫയലുകൾ പഠിക്കാതെ ഒപ്പിടാൻ സാധിക്കുക. ഫയലിലുള്ളത് എന്താണെന്ന് എനിക്കറിയണം, ഗവർണർ പറഞ്ഞു.

സഭാ സമ്മേളനങ്ങൾ നടന്നിട്ടും ഓർഡിനൻസുകൾ നിയമമാക്കിയില്ല. ഓർഡിനൻസ് ഭരണം നല്ലതിനല്ലെന്നും പിന്നെന്തിനാണ് നിയമസഭയെന്നും ഗവർണർ ചോദിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സുമാറ്റിയില്ലെങ്കിൽ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളാണ് തിങ്കളാഴ്ച അസാധുവാകുക. ആറുനിയമങ്ങൾ ഭേദഗതിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയാണ് ഇതുമൂലം ഉണ്ടാകുക.

സർവകലാശാലാ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരാൻ ഒരുങ്ങിയതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എന്നാൽ, അക്കാര്യം ഗവർണറോ രാജ്ഭവനോ പറയുന്നില്ല. പകരം, നിയമസഭയിൽ ബില്ലുകൊണ്ടുവരാതെ ഓർഡിനൻസുകൾ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് പറഞ്ഞിട്ടുള്ളത്. സർവകലാശാല ഓർഡിനൻസിന്റെ കാര്യം സർക്കാരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിനാൽ, ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ടോ ഉദ്യോഗസ്ഥർ മുഖേനയോ ചർച്ചവേണ്ടിവരും. ഗവർണർ ഡൽഹിയിലാണ്. 11-നാണ് തിരിച്ചുവരിക. ഓർഡിനൻസിൽ ഒപ്പിടാൻ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും. അതിന് തിങ്കളാഴ്ച പകൽ ഒത്തുതീർപ്പുകളുണ്ടാകണം. എന്നാൽ ഇതിന് തയ്യാറല്ലെന്നും ഫയലുകൾ പഠിക്കാൻ സമയം വേണമെന്നുമാണ് ഇപ്പോൾ ഗവർണർ വ്യക്തമാക്കുന്നത്.

സർവകലാശാലാ കാര്യങ്ങളിൽ ഗവർണറും സർക്കാരും പലകുറി ഏറ്റുമുട്ടിയിരുന്നു. ഇതിനെ മറികടക്കാൻ വി.സി. നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നുണ്ട്. ഈ നീക്കമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. കേരള സർവകലാശാലാ വി.സി. നിയമനത്തിന് സർക്കാരിനെ മറികടന്ന് ഗവർണർ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ജനുവരിയിൽ നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കാതെ തലേന്ന് രാത്രിവരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാവുന്നത്.

Content Highlights: Ordinance controversy - Governor arif mohammad khan press meet at delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented