തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മാസ്റ്റർ പ്ളാൻ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അംഗങ്ങളുമായുള്ള തർക്കം മുറുകുന്നതിനിടെ അവർ പരിഹാസത്തോടെ നൽകിയ സല്യൂട്ടിന് അതേ രീതിയിൽ തിരിച്ച് സല്യൂട്ട് നൽകുന്ന മേയർ എം.കെ. വർഗീസ്. പോലീസുകാർ മേയറെ ഗൗനിക്കുന്നില്ലെന്ന പരാതി ഏറെ ചർച്ചയായിരുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി
തൃശ്ശൂര്‍: പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിപ്പെട്ട തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ കൗണ്‍സില്‍ യോഗത്തിനിടെ സല്യൂട്ട് ചെയ്ത് പ്രതിപക്ഷാംഗങ്ങളുടെ പരിഹാസം. ചിരിച്ചുകൊണ്ട് സല്യൂട്ട് ചെയ്ത് മേയറും തിരിച്ചടിച്ചു. പോലീസ് മേയറെ സല്യൂട്ടു ചെയ്യുന്നില്ലെന്ന് ഡി.ജി.പി.യോടു പരാതിപ്പെട്ടതിനെ പരിഹസിച്ച് പിന്നീട് പ്രസംഗങ്ങളിലും പ്രതിപക്ഷം മേയറെ പലതവണ സല്യൂട്ട് ചെയ്തു.
തൃശ്ശൂരിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള മാസ്റ്റര്‍പ്ലാന്‍ വിഷയമായ പ്രത്യേക കൗണ്‍സില്‍ യോഗത്തിനിടെയാണ് സംഭവം. യോഗം ആരംഭിച്ചത് തന്നെ സംഘര്ഷത്തോടെയായിരുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ്, ബി.ജെ.പി. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. മേയര്‍ എം.കെ. വര്‍ഗീസ് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് ബഹളം തുടങ്ങി. വിഷയം വിശദീകരിക്കാന്‍ ടൗണ്‍ പ്ലാനര്‍ക്ക് അവസരം നല്‍കിയതോടെയാണിത്. വൈകാതെ ബി.ജെ.പി. അംഗങ്ങളും നടുത്തലത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ചെറുക്കാന്‍ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ സംഘര്‍ഷാവസ്ഥയായി. ഇതിനിടയിലാണ് പ്രതിപക്ഷാംഗങ്ങള്‍ മേയറെ വളഞ്ഞ് സല്യൂട്ട് അടിച്ച് പരിഹസിച്ചത്. തിരിച്ച് സല്യൂട്ട് നല്കി മേയറും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് രാജന് പല്ലന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ജോണ്‍ ഡാനിയേല്‍, ലാലി ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മേയറെ വളഞ്ഞത്.
സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാനില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്ന് മേയര്‍ ഉറപ്പുനല്‍കി. 47 വര്‍ഷമായി നടപ്പാക്കാന്‍ കഴിയാതിരുന്ന മാസ്റ്റര്‍പ്ലാന്‍ ആണ് മുന്‍മന്ത്രി എ.സി. മൊയ്തീന് ഇടപെട്ട് അംഗീകാരം നല്‍കിയതെന്നും മേയര്‍ പറഞ്ഞു. പ്ലാന്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബി.ജെ.പി.യുടെ പ്രതിഷേധത്തിന് വിനോദ് പൊള്ളഞ്ചേരി, പൂര്‍ണിമാ സുരേഷ്, എന്‍. പ്രസാദ് എന്നിവരും നേതൃത്വം നല്കി.
ചര്‍ച്ചയ്ക്കു തയ്യാറുണ്ടോയെന്നായിരുന്നു പി.കെ. ഷാജന്റെയും വര്‍ഗീസ് കണ്ടംകുളത്തിയുടെയും നേതൃത്വത്തില്‍ ഭരണപക്ഷത്തിന്റെ വെല്ലുവിളി. മുക്കാല്‍ മണിക്കൂറിനുശേഷമാണ് സ്ഥിതി ശാന്തമായത്. ഒടുവില്‍ ടൗണ്‍പ്ലാനറെ സംസാരിക്കാനനുവദിച്ചു.
സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ കോര്‍പ്പറേഷനില്‍ ഉണ്ടെന്ന് ടൗണ്‍ പ്ലാനിങ് ഓഫീസര്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 26-നാണ് പ്ലാന്‍ അംഗീകരിച്ചത്. ചീഫ് ടൗണ്‍ പ്ലാനിങ് ഓഫീസറുമായി രണ്ടുദിവസം ചര്‍ച്ച നടത്തിയ ശേഷം പുനഃപ്രസിദ്ധീകരിക്കേണ്ട കാര്യങ്ങള്‍ ഒഴിവാക്കിയാണ് മാസ്റ്റര്‍പ്ലാന്‍ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നെല്‍പ്പാടം എന്നു പറഞ്ഞിരിക്കുന്നത് ഏത് സോണാക്കി മാറ്റിയാലും തണ്ണീര്‍ത്തട വികസന നിയമത്തിന് വിധേയമായിട്ടേ നടപ്പാക്കാനാകൂവെന്നും അദ്ദേഹം വിശദീകരിച്ചു.
മാസ്റ്റര്‍പ്ലാന്‍ പൂര്‍ണതയിലേയ്ക്ക് എത്തിക്കുന്നതോടെ ചരിത്ര നിമിഷത്തിലൂടെയാണ് കോര്പ്പറേഷന് കടന്നുപോകുന്നതെന്നും ചാരിതാര്‍ത്ഥ്യമുണ്ടെന്നും മേയര്‍ എം.കെ. വര്‍ഗ്ഗീസ് അറിയിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യണമെന്ന ആവശ്യം വോട്ടിനിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ മേയര്‍ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ടു. കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത പ്ലാന്‍ നടപ്പാക്കാന്‍ ഭരണസമിതിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് പ്രതിപക്ഷ നേതാവ് രാജന് പല്ലന് ചോദിച്ചു. കൗണ്‍സില്‍ അറിയാതെയാണ് മുന്‍ മേയര്‍ അജിതാ വിജയനും സെക്രട്ടറിയും ഒപ്പിട്ട മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ജനങ്ങളെ ചതിക്കുന്നതിന് കൂട്ടുനില്‍ക്കാനാകില്ല. തൃശ്ശൂരിലെ എം.എല്‍.എ. ആയിരുന്ന മന്ത്രി വി.എസ്. സുനില്കുമാറിനെപ്പോലും മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയിലും പങ്കെടുപ്പിച്ചിട്ടില്ലെന്നും രാജന് പല്ലന് പറഞ്ഞു.
സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ കോടതിയില്‍ പോകാം. ചീഫ് ടൗണ്‍ പ്ലാനിങ് ഉദ്യോഗസ്ഥനെ വരച്ചവരയില്‍ നിര്‍ത്തി പ്ലാന്‍ അംഗീകരിപ്പിച്ചത് അഴിമതിയാണെങ്കില്‍ അത് ഞങ്ങള്‍ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരുമാനിച്ചാല്‍ നടപ്പാക്കിയിരിക്കും. പത്തു ദിവസത്തിനുള്ളില്‍ റോഡുകളുടെ മാപ്പുണ്ടാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
പള്ളികളും വിദ്യാഭ്യാസസ്ഥാപനങ്ങളുമൊക്കെ കീറിമുറിച്ച് റോഡുകളുണ്ടാക്കുന്ന പ്ലാന്‍ നടപ്പാക്കുന്നതിനു പിന്നില്‍ ഭൂമാഫിയയാണെന്ന് ലാലി ജെയിംസ് പറഞ്ഞു. തണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിക്കുന്നില്ലെന്ന് മേയര്‍ പറഞ്ഞത് ശരിയല്ലെന്ന് ജോണ്‍ ഡാനിയേല്‍ പറഞ്ഞു.
മാസ്റ്റര്‍പ്ലാന്‍ ഇടതുപക്ഷം തന്നെയാണ് തയ്യാറാക്കിയതെന്നും ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറുന്നില്ലെന്നും അനൂപ് ഡേവിസ് കാട പറഞ്ഞു. ഭരണകക്ഷിയിലെ ഷീബാ ബാബു, എം.എല്‍. റോസി, സാറാമ്മാ റോബ്സണ്, പ്രതിപക്ഷത്തെ കെ. രാമനാഥന്, ജയപ്രകാശ് പൂവത്തിങ്കല്‍, മുകേഷ് കളപറമ്പില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മാസ്റ്റര്‍പ്ലാന്‍
നഗരത്തിലെങ്ങും ചര്‍ച്ചയാവുന്ന വിഷയം, മാസ്റ്റര്‍പ്ലാന്‍. കോര്പ്പറേഷന് കൗണ്‍സിലിലും രാഷ്ട്രീയവേദികളിലും തീ പാറുന്ന വാദങ്ങളാണ്. നഗരവാസികള്ക്കാകട്ടെ, ഒരു നിശ്ചയവുമില്ലായെന്ന അവസ്ഥ. 40 വര്‍ഷം മുന്‍പാണ് തൃശ്ശൂരിന് സമഗ്രവികസന പദ്ധതി വേണമെന്ന ആലോചന തുടങ്ങിയത്. പല പദ്ധതികളും ഇതിനിടയില്‍ വന്നു. 1974- മുതലുള്ള ഡി.ടി.പി. സ്കീം അനുസരിച്ച് പദ്ധതിയിലുള്‍പ്പെടുന്ന പല പ്രദേശത്തും ഏറെക്കാലമായി ഭൂമിയിടപാടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. മാസ്റ്റര്‍പ്ലാനിന് അന്തിമാനുമതിയായതിനുശേഷം മാത്രമേ മാറ്റം വരൂ.
ഇതുവരെ ഇങ്ങനെ
വിവിധ കാലഘട്ടങ്ങളിലായി ഡി.ടി.പി. പ്രകാരമുള്ള 12 പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി കൊടുത്തത്.
തേക്കിന്‍കാട് മൈതാനം സ്വരാജ് റൗണ്ട് റോഡിന്റെ 30 മീറ്റര്‍ വികസനം, കണ്ണംകുളങ്ങര മൈതാനം, നിലവിലുള്ള ഷൊര്‍ണൂര്‍ റോഡ്, റിങ് റോഡ് വടക്ക് രണ്ടാംഭാഗം, തെക്ക്-പടിഞ്ഞാറ് സ്വരാജ് റൗണ്ട് പ്രദേശം, ഇരട്ടച്ചിറ- ചെട്ടിയങ്ങാടി, അരണാട്ടുകര ജങ്ഷന് വികസനം, റിങ് റോഡ് -പടിഞ്ഞാറ്, എം.ജി.റോഡ് ഭാഗം, കണ്ണംകുളങ്ങര തെക്ക്-പടിഞ്ഞാറ് എക്സ്റ്റന്‍ഷന്‍, നിര്ദ്ദിഷ്്ട ഷൊര്‍ണൂര്‍ ബൈപാസ് റോഡ്, റിങ് റോഡ്- കിഴക്ക് തുടങ്ങിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്.2012 നവംബര്‍ ആറിനാണ് കരട് മാസ്റ്റര്‍ പ്ലാന്‍ പ്രസിദ്ധപ്പെടുത്തിയത്. 2007-ലാണ് നടപടികള്‍ തുടങ്ങിയത്. 17 മേഖലകളായി തിരിച്ചാണ് പ്ലാന്‍. പ്രഖ്യാപിക്കപ്പെട്ട 116 റോഡുകളുടെ ആവശ്യത്തിനായുള്ള സ്ഥലം മരവിപ്പിച്ചിരിക്കുകയാണ്. പ്ലാന്‍ പ്രസിദ്ധീകരിച്ചശേഷം അഭിപ്രായങ്ങളും പരാതികളും പരിഗണിച്ച് ഭേദഗതി വരുത്തി രണ്ടു പ്രാവശ്യം സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
അന്തിമ മാസ്റ്റര്‍ പ്ലാന്‍
2021 ഫെബ്രുവരി 20നാണ് അന്തിമ മാസ്റ്റര്‍പ്ളാന്‍ പ്രസിദ്ധീകരിച്ചത്. വിവിധ തലങ്ങളിലും സ്ഥലങ്ങളിലുമായി നടന്ന ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് കഴിഞ്ഞ കൗണ്‍സില്‍ പദ്ധതിയുടെ രൂപവത്കരണത്തിന് ശ്രമിച്ചത്. ജില്ലാ നഗരാസൂത്രണ വകുപ്പിന്റെയും തദ്ദേശ ഭരണ മന്ത്രാലയത്തിന്റെയും സജീവമായ ഇടപെടലുണ്ടായി.
എന്നാല്‍, പ്ലാന്‍ പൂര്‍ണമായി പുനഃപ്രസിദ്ധീകരിക്കുന്നത് നടപടികള്‍ വര്‍ഷങ്ങള്‍ നീളാന്‍ കാരണമാകുമെന്ന വിലയിരുത്തലാണുണ്ടായത്. അലൈന്മെന്റില് മാറ്റം വരുത്താതെ ഭേദഗതി വരുത്താനായിരുന്നു തീരുമാനം. ഈ തീരുമാനത്തിന്റെ വെളിച്ചത്തിലുള്ള നടപടികളാണ് വിവാദത്തിലായത്.
കൗണ്‍സിലിനെ വിശ്വാസത്തിലെടുക്കാതെ വളഞ്ഞവഴിയിലൂടെ ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്ലാന്‍ അംഗീകരിപ്പിക്കുകയായിരുന്നെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ആരാധനാലയങ്ങളെവരെ പ്ലാന്‍ ദോഷകരമായി ബാധിക്കുമെന്ന പ്രാചാരവും വന്നതോടെ എല്ലാവരും ആരോപണ- പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നു. ആശങ്കകളുമായി ജനങ്ങളും ചെറിയ കൂട്ടായ്മകളുണ്ടാക്കി ചര്‍ച്ചകള്‍ തുടങ്ങി. മിക്ക യോഗങ്ങളിലും കൗണ്‍സിലര്‍മാര്‍ക്ക് വ്യക്തമായ മറുപടി പറയാനായില്ല. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ കിട്ടാത്തതാണ് പ്രശ്നമെന്നും എല്ലാവിഭാഗം ജനങ്ങളുടെയും ആശങ്കകളെ സംബോധന ചെയ്യണമെന്നുമുള്ള ആവശ്യമാണ് പ്രത്യേക കൗണ്‍സില്‍യോഗവും ഉന്നയിക്കുന്നത്.
വിവാദങ്ങള്‍ക്കിടയിലെ വാസ്തവം അറിയാം
മാസ്റ്റര്‍ പ്ലാനില്‍ പ്രധാന റോഡുകളുടെ വീതി
(2012, 2021 ക്രമത്തില്‍)
• സ്വരാജ് റൗണ്ട്- 22 മീറ്റര്‍ (22 മീറ്റര്‍)
• ഇന്നര്‍ റിങ് റോഡ്- 12 മീറ്റര്‍ (12 മീറ്റര്‍)
• റിങ് റോഡ്- 32 മീറ്റര്‍ (18 മുതല്‍ 24 മീറ്റര്‍ വരെ)
• ഔട്ടര്‍ റിങ് റോഡ്- നാലു മുതല്‍ 25 മീറ്റര്‍ വരെ (18 മുതല്‍ 22 മീറ്റര്‍ വരെ)
• മണ്ണുത്തി ജങ്ഷന് പാലക്കാട് വഴിവരെ- 60 മീറ്റര്‍ (60 മീറ്റര്‍)
• മണ്ണുത്തി ബൈപ്പാസ് ജങ്ഷന് മുതല്‍ ഒല്ലൂര്‍ വില്ലേജ് അതിര്‍ത്തിവരെ - 45 മീറ്റര്‍ (45 മീറ്റര്‍)
• ഒല്ലൂക്കര ജങ്ഷന്- സ്വരാജ് റൗണ്ട്- 36 മീറ്റര്‍ (10 മുതല്‍ 25 മീറ്റര്‍ വരെ)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..