തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്  പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വി ഡി സതീശന് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മന്ത്രി ജലീല്‍ നിയമവിരുദ്ധ ഇടപെടല്‍ നടത്തിയെന്നും സഭ നിര്‍ത്തി വെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. 

മന്ത്രിയ്ക്ക് സര്‍വകലാശാല നടപടികളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ചാന്‍സലറുടെ അഭാവത്തില്‍ മാത്രമാണ് പ്രോ ചാന്‍സലര്‍ക്ക് അധികാരമെന്നും വി ഡി സതീശന്‍ പറഞ്ഞു. കെ ടി  ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. അദാലത്തുകളില്‍ മന്ത്രിയ്ക്കും പ്രൈവറ്റ് സെക്രട്ടറിയ്ക്കും എന്താണ് കാര്യമെന്നും സതീശന്‍ ചോദിച്ചു. 
 
സര്‍വകലാശാലാ അദാലത്തില്‍ ഭഗവാന്‍ അവതരിക്കുന്നത് പോലെയാണ് മന്ത്രി അവതരിച്ചതെന്നും പൂവ് ചോദിച്ചാല്‍ പൂങ്കാവനം കൊടുക്കുന്ന മന്ത്രിയാണെന്ന് കുട്ടികള്‍ക്ക് മനസിലായിട്ടുണ്ടാവുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരു മാര്‍ക്ക് ചോദിച്ചതിന് അഞ്ച് മാര്‍ക്കാണ് വിദ്യാര്‍ഥിയ്ക്ക് മന്ത്രി നല്‍കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.  

എന്നാല്‍ മോഡറേഷന്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും  പോസ്റ്റ് മോഡറേഷന്‍ നല്‍കാനുള്ള തീരുമാനം പൂര്‍ണമായും സിന്‍ഡിക്കേറ്റിന്റേതാണെന്നും കെ ടി ജലീല്‍ മറുപടി നല്‍കി.  പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തിട്ടില്ലെന്നും  ജലീല്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വിശദീകരണത്തെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. 


 

Content Highlights: Opposition quits assembly on K T Jaleel's issue