കൊച്ചി: ലോക്ഡൗണ്‍ തുടര്‍ന്നാല്‍ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നും കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 
 
മേയ് എട്ട് മുതല്‍ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗണ്‍ ഇന്ന് 38 ദിവസമാകുകയാണ്. ലോക് ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.  സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയത് ജീവിക്കുന്നവര്‍, ദിവസവേതനക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍, വീട്ടുജോലിക്കാര്‍, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്നു തുടങ്ങി നാനതുറയില്‍പ്പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടു. 

ലോക്ഡൗണ്‍ തുടര്‍ന്നാല്‍ അത് ജനജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Content Highlights: Opposition leader VD Satheesan wants lockdown concessions