കൊച്ചി: വാരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ബിഷപ്പ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തി. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടും തുടര്‍ന്ന് സ്വീകരിക്കാനിരിക്കുന്ന നിലപാടും ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്നാണ് സൂചനകള്‍. 

നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ കഴിഞ്ഞ ദിവസം മുതലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഉണ്ടായ വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും കോണ്‍ഗ്രസ് മാത്രമാണ് സമവായ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കുന്നതെന്നും നേരത്തെ വിഡി സതീശന്‍ പ്രതികരിച്ചിരുന്നു. 

ഇന്നലെ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ വിഡി സതീശനും കെ സുധാകരനും സന്ദര്‍ശിച്ചിരുന്നു. കോട്ടയം താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവുമായും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായും കൂടിക്കാഴ്ച നടത്തി. സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ പ്രതികരിച്ചത്. എന്നാല്‍ ഇന്നലെ കോട്ടയത്ത് ഉണ്ടായിട്ടും പാലാ ബിഷപ്പുമായി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നില്ല. 

അതേസമയം, ആദ്യഘട്ടത്തില്‍ പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസിനോട് സഭയ്ക്കുള്ള അതൃപ്തി പരിഹരിക്കാന്‍ ഈ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഇന്ന് രാവിലെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വിവാദ വിഷയങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നുമാണ് സന്ദര്‍ശനത്തിന് ശേഷം മന്ത്രി പ്രതികരിച്ചത്. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. സമവായചര്‍ച്ചയെ കുറിച്ച് ആലോചിച്ചിട്ടില്ല. സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ബിഷപ്പിനെ അറിയിക്കുകയും ചെയ്‌തെന്നും വാസവന്‍ വ്യക്തമാക്കി.